ചെങ്ങന്നൂർ : നഗരസഭ നോട്ടീസ് നൽകി ഒരുവർഷം കഴിഞ്ഞിട്ടും അപകടകരമായി നിൽക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ കരിങ്കൽമതിൽ പൊളിച്ചുനീക്കിയില്ല. എം.സി റോഡിൽ കെ.എസ്.ടി.പി നടപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ച് മുൻ നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ കെ.എസ്.ആർ.ടി.സി. ചീഫ് എൻജിനീയർക്ക് പരാതി നൽകി. കഴിഞ്ഞ വർഷം മേയ് 26 ന് നഗരസഭാ ജീവനക്കാരനായ കെ.കെ.അജി ബൈക്കിൽ പോകുമ്പോൾ മതിലിൽ ഇടിച്ച് അപകടം ഉണ്ടായി. മതിൽ ഇടിഞ്ഞുവീണ് അജിക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് അന്ന് നഗരസഭാ ചെയർമാനായിരുന്ന ഷിബുരാജൻ ഗതാഗത വകുപ്പുമന്ത്രി, കെ.എസ്.ആർ.ടി.സി. മാനേജിംഗ് ഡയറക്ടർ, ചീഫ് എൻജിനീയർ എന്നിവർക്ക് പരാതി നൽകിയിരുന്നു. മതിൽ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയി.ഉടനടി മതിൽ പൊളിച്ചുനീക്കുകയോ കാലതാമസം വന്നാൽ മതിലിന്റെ പൊക്കംകുറച്ച് അപകടരഹിതമാക്കുകയോ ചെയ്യാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും നടപടി ഉണ്ടായില്ല. കെ.എസ്.ടി.പിയുടെ മതിലിനോടു ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഇതുമൂലം മതിലിന് കൂടുതൽ ബലക്ഷയം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.