മല്ലപ്പള്ളി : കുന്നന്താനത്ത് അനാരോഗ്യത്താൽ കഷ്ടത അനുഭവിക്കുന്ന കുടുംബത്തിലെ വൃദ്ധയെ അടൂർ മഹാത്മ ജനസേവന കേന്ദ്രം ഇന്നേറ്റെടുക്കും. രോഗബാധിതരായ രണ്ട് ആൺമക്കൾക്കും അവരെ പരിചരിക്കുന്ന അവിവാഹിതയായ സഹോദരിക്കുമൊപ്പം താമസിച്ചുവരികയായിരുന്ന പേരൂർ വീട്ടിൽ എം. കെ. രത്‌നമ്മയെ ആണ് ഏറ്റെടുക്കുന്നതെന്ന് ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് അച്ചടക്കലംഘനം നടത്തിയതായി ആരോപിച്ച് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് വിടുതൽ നൽകിയ പൊലീസുകാരന്റെ കുടുംബം കുട്ടനാട്ടിൽ നിന്നും കുന്നന്താനത്ത് താമസമാക്കുകയായിരുന്നു. ഇവരുടെ മൂന്നുമക്കളിൽ രണ്ട് ആൺമക്കൾ ജന്മനാ ഭിന്നശേഷിക്കാരാണ്. ഇവരെ പരിചരിച്ചുവന്ന അവിവാഹിതയായ സഹോദരിയുമാണ് കുന്നന്താനത്ത് താമസിച്ചിരുന്നത്. അടുത്തകാലത്ത് വൃദ്ധമാതാവിന് ശാരീരിക അവശതകൾ വർദ്ധിച്ചതോടുകൂടി ജീവിതം വഴിമുട്ടിയ സ്ഥിതിയായിരുന്നു. പരിചരണം അർഹിക്കുന്ന കുടുംബമാണെന്നും തൽക്കാലം അവശയായ മാതാവിനെ ഏറ്റെടുക്കുകയും മറ്റുള്ളവരെ അവരുടെ വീട്ടിൽ തന്നെ സംരക്ഷിക്കാനാണ് ശ്രമമെന്നും ആവശ്യമെങ്കിൽ എല്ലാവരെയും ഏറ്റെടുക്കുന്നതിന് തയാറാണെന്നും രാജേഷ് തിരുവല്ല അറിയിച്ചു.