റാന്നി: റാന്നി പഞ്ചായത്ത് ഓഫീസ് പടിക്കൽ നിർമ്മാണത്തിലിരിക്കുന്ന കലുങ്കിന്റെ കുഴികളിൽ മലിനജലം കെട്ടിക്കിടക്കുന്നതായി പരാതി. മഴ സമയത്ത് ഒലിച്ചിറങ്ങുന്നതും, കുടിവെള്ളപെപ്പുകൾ പൊട്ടി ഉണ്ടാകുന്ന വെള്ളവുമാണ് കുഴികളിൽ നിറഞ്ഞു കിടക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം ഒഴിപ്പോകാൻ കലുങ്ക് കോൺഗ്രീറ്റ് ചെയ്ത ഭാഗത്ത് ക്രമീകരണം ചെയ്യാത്തതിനാലാണ് വെള്ളക്കെട്ടുണ്ടായിരിക്കുന്നത്. കലുങ്ക്കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകൾ വളരാൻ സാദ്ധ്യത ഏറെയാണെന്നാണ് സ്ഥലത്തെ വ്യാപാരികളുടെ ആരോപണം. കലുങ്ക് പണി തുടങ്ങിയിട്ട് ആറുമാസങ്ങളായിട്ടും പൂർത്തിയായിട്ടില്ല. സ്വകാര്യ കമ്പനികളുടെ അടക്കം നിരവധി ടെലിഫോൺ കേബിളുകൾ ഇവിടെ റോഡുപണിക്കിടെ പൊട്ടിയിരുന്നു . ഇതിന്റെ പുനർ ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. റാന്നി, പഞ്ചായത്ത് ഓഫീസിന് പുറമെ, എം.എസ് ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എൻ.ഡി.പി യൂണിയൻ ഓഫീസ്, കനാറാ ബാങ്ക്, റാന്നി സർവീസ് സഹകരണ ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് പരിസരത്താണ് ഇത്തരത്തിൽ മലിന ജലം കെട്ടിക്കിടക്കുന്നത്.