റാന്നി: ജില്ലാ അതിർത്തിയായ പ്ലാച്ചേരി ജംഗ്ഷനിൽ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. സന്ധ്യകഴിഞ്ഞാൽ സ്ഥലത്ത് കൂരിരുട്ടാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വ്യാപാരസ്ഥാപനങ്ങളും അടയ്ക്കുന്നതോടെ പൂർണമായും ഇരുട്ടിലാകും. എം.പി ഫണ്ടിൽ നിന്നും സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കാണ് ജംഗ്ഷനിൽ പ്രകാശം ചൊരിഞ്ഞിരുന്നത്. രണ്ടാഴ്ചയിലധികമായി ഇത് കത്തുന്നില്ല. കോട്ടയം-പത്തനംതിട്ട ജില്ലാ അതിർത്തിയായ ഇവിടെ ഒരു ഭാഗം വനം കൂടിയാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായതോടെ വാഹനങ്ങൾ അമിതവേഗതയിലാണ് ഇതിലെ കടന്നു പോകുന്നത്. എരുമേലി, മണിമല, റാന്നി റോഡുകൾ സംഗമിക്കുന്ന പ്രധാന ജംഗ്ഷൻ കൂടിയാണ് പ്ലാച്ചേരി. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ഹൈമാസ്റ്റ് വിളക്കായിരുന്നു ജംഗ്ഷനിൽ വെളിച്ചം നൽകിയിരുന്നത്. കാൽനട യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. അടിയന്തരമായി ഹൈമാസ്റ്റ് വിളക്ക് തെളിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.