athikkayam-village-
അത്തിക്കയം വില്ലേജ് ഓഫീസിലേക്കുള്ള വഴിയുടെ ദുരവസ്ഥ

റാന്നി: അത്തിക്കയം വില്ലേജ് ഓഫീസിലേക്കുള്ള വഴി കാടുമൂടിയിട്ട് നാളുകളായിട്ടും വെട്ടിത്തെളിക്കാൻ അധികൃത‌ർ കൂട്ടാക്കുന്നില്ല. കൃത്യമായ വഴി സൗകര്യമില്ലാത്തതിനാൽ നിരവധിപ്പേരാണ് ബുദ്ധിമുട്ടുന്നത്. പാറക്കെട്ടുകളുടെ മുകളിലൂടെ ഉരുളൻ കല്ലുകളിൽ ചവുട്ടി വേണം ഈ ഓഫീസിലേക്ക് സാധാരണക്കാ‌ർ എത്താൻ. പ്രായമായവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. പിടിച്ചു കയറാൻ കൈവരികളില്ലാത്തതും ദുരിതത്തിന് കാരമാകുന്നു. പുതിയ സാമ്പത്തിക വർഷം തുടങ്ങിയതിനാലും പല ആവശ്യങ്ങൾക്കും നികുതി രസീത് ആവശ്യത്തിനും ഭൂനികുതി ഒടുക്കാനും മറ്റും നിരവധി പേരാണ് ദിവസവുംവില്ലേജ് ഓഫീസിൽ എത്തുന്നത്. സർട്ടിഫിക്കറ്റുകൾക്കും, ഭൂനികുതിക്കും, മറ്റു സുപ്രധാന ആവശ്യങ്ങൾക്കും ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന വില്ലേജ് ഓഫീസ് താഴ്ന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കണം എന്നത് ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ്. മഴക്കാലമായതോടെ വഴിയിൽ കാടുമൂടിയും പാറക്കെട്ടിൽ പായൽ രൂപപ്പെട്ടിട്ടുമുണ്ട്. വില്ലേജ് ഓഫീസിലേക്ക് വരുന്നവർ തെന്നിവീണ് അപകടം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.

സ്ഥിരമായിവില്ലേജ് ഓഫീസർ ഇല്ല

വില്ലേജിന് പുറമെ കുടുംബശ്രീ ഓഫീസും ഇതിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ കുടുബശ്രീക്ക് പുതിയ കെട്ടിടം കണ്ണമ്പള്ളി പഴയ ഹെൽത്ത് സെന്റർ സ്ഥിതി ചെയ്തിരുന്നിടത്ത് പണിപൂർത്തിയായിട്ടുണ്ട്. വെള്ളത്തിന്റെ കണക്ഷൻ കിട്ടിയാൽ ഉടൻ അവിടേക്ക് മാറും. ഇതിനോടൊപ്പം വില്ലേജ് ഓഫീസർ സ്ഥിരമായി ഇല്ലാത്തതും പലരെയും രണ്ടും മൂന്നും തവണ ഇവിടെ കയറിയിറങ്ങാൻ നിർബന്ധിതരാക്കുന്നു. ഇപ്പോൾ പെരുനാട് വില്ലേജ് ഓഫീസർക്കാണ് അധിക ചുമതല.

---------------

-കൃത്യമായ വഴി സൗകര്യമില്ല

-കാടുമൂടിയ പ്രദേശത്ത് ഇഴ ജന്തുക്കളുടെ താവളം

- കാട് വെട്ടിത്തെളിച്ച് വഴി സൗകര്യം ഉറപ്പിക്കണമെന്ന ആവശ്യം ശക്തം

---------------

പല ആവശ്യങ്ങൾക്കായി നിരവധി പേരാണ് വില്ലേജ് ഓഫീസിലേക്ക് വരുന്നത്. അതിൽ പ്രായമായവരും ഉണ്ട്. കൃത്യമായ വഴി സൗകര്യം ഇല്ലാത്തതിനാൽ പലരേയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അടിയന്തരമായി ഇതിന് പരിഹാരം കാണണം.

രമേശൻ

പ്രദേശവാസി