മല്ലപ്പള്ളി: നെഞ്ചുവേദനയുമായി താലൂക്ക് ആശുപത്രിയിൽ എത്തിച്ച രോഗിക്ക് ചികിൽസ വൈകി മരിച്ചെന്ന പരാതിയിൽ രണ്ടു ഡോക്ടർമാർക്കെതിരെ കോടതി നിർദ്ദേശപ്രകാരം കീഴ്‌വായ്പൂര് പൊലീസ് കേസെടുത്തു. താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സനീഷ്, ഡോ.റീത്തു ലിസബത്ത് തോമസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആനിക്കാട് പുളേളാലിക്കൽ ജോൺ(46)ന്റെ ഭാര്യ സജിത നൽകിയ പരാതിയിലാണ് കോടതി നിർദ്ദേശ പ്രകാരം കീഴ്‌വായ്പൂര് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മേയ് 21 നായിരുന്നു സംഭവം. കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിൽ എത്തിച്ച ജോണിനെ കൃത്യസമയത്ത് പരിശോധിക്കാൻ ഡോക്ടർമാർ തയാറായില്ലെന്നാണ് പരാതി. അത്യാസന്ന നിലയിലായ രോഗിയെ നോക്കുന്നതിന് പകരം ചികിത്സ വൈകിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സജിത കോടതിയെ സമീപിച്ചത്. ജോണിനൊപ്പം വന്ന ബന്ധുക്കൾ അസഭ്യം വിളിച്ചെന്നും ഡ്യൂട്ടി തടസപ്പെട്ടുവെന്നും കാട്ടി ഡോക്ടർമാർ നൽകിയ പരാതിയിൽ കീഴ്‌വായ്പൂര് പൊലീസും കേസെടുത്തിരുന്നു.