പന്തളം: വീടുകളിൽ മൃഗങ്ങളെയും കോഴികളേയും വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നു. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് വീടുകളിൽ കൂടുതൽ നാൽക്കാലികളെയും കോഴികളേയും വളർത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇത് മറയാക്കി അടിസ്ഥാന സൗകര്യമില്ലാത്ത വീടുകളിലും പരിസരത്തും വ്യവസായ അടിസ്ഥാനത്തിൽ ഫാമുകൾ ആരംഭിച്ചത് പരിസരവാസികളുടെ പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്തുവാൻ അധികൃതർ തയ്യാറാകുന്നത്.
പന്തളം നഗരസഭ, തുമ്പമൺ, കുളനട എന്നീ പഞ്ചായത്തുകളിൽ ഇത്തരത്തിൽ നിരവധി ഫാമുകൾ പ്രവർത്തിക്കുന്നതായി പരാതികൾ ഉണ്ട്. എന്നാൽ വീടുകളിൽ അഞ്ച് കോഴികളെ യും രണ്ട് നാൽക്കാലികളെ യും വളർത്തുന്നതിന് നിയമം ബാധകമല്ല. അടുത്തിടെ ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കിണർ ജലത്തിന്റെ ഉപയോഗം മൂലം ഛർദ്ദിയും അതിസാരവും കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം രോഗങ്ങൾക്ക് കാരണം കിണർ ജലം ആണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മിക്കവീടുകളുടെയും കിണറുകൾക്ക് സമീപമാണ് ഇത്തരം ഫാമുകൾ ശുചിത്വമില്ലാതെ പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് പുറത്തേക്കു വരുന്ന കന്നുകാലികളുടെ വിസർജ്യങ്ങൾ കിണർ ജലം മലിനമാകാൻ കാരണമാകുന്നുണ്ട്. ഇത്തരം ജലത്തിന്റെ ഉപയോഗമാണ് ജലജന്യരോഗങ്ങൾക്ക് ഇടയാക്കുന്നത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഫാമുകൾക്കെതിരെ പകർച്ചവ്യാധി ആക്ട് അനുസരിച്ച് കേസ് എടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.