കോഴഞ്ചേരി : 1971-ൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ യുദ്ധ വിജയത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂ ഡെൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ നിന്നാരംഭിച്ച ' വിജയദീപശിഖ ' പ്രയാണം ആറന്മുളയിൽ നിന്ന് മടങ്ങിയത് രാജ്യസ്നേഹത്തിന് വ്യക്തിമുദ്ര പതിപ്പിച്ച ക്യാപ്ടൻ തോമസ് ഫിലിപ്പോസിന്റെ ഓർമ്മകൾ ഉറങ്ങുന്ന ഒരു പിടി മണ്ണുമായി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി കേന്ദ്രത്തിൽ എത്തിച്ചേർന്ന പ്രയാണത്തെ കരസേനാ മേധാവി ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പര്യടനത്തിന്റെ ഭാഗമായി 1971ലെ യുദ്ധത്തിൽ പങ്കെടുത്ത ധീര സൈനികരെയും അവരുടെ ആശ്രിതരെയും വിവിധ ജില്ലകളിൽ എത്തി ആദരിക്കുന്നതിന്റെ ഭാഗമായി ആറന്മുള എരുമക്കാട്ടും ആർമി സംഘമെത്തുകയായിരുന്നു. മഹാവീർചക്ര ബഹുമതി ഏറ്റുവാങ്ങിയ അന്തരിച്ച ക്യാപ്ടൻ തോമസ് ഫിലിപ്പോസിന്റെ എരുമക്കാട്ടെ മഹാവീർചക്ര വസതിയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ സംഘമെത്തിയത്. ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ അർപ്പിക്കുന്നതിനാണ് ക്യാപ്ടന്റെ ജന്മനാടായ എരുമക്കാട്ട് നിന്ന് സംഘം മണ്ണ് ശേഖരിച്ചത്. കേണൽ സുരേഷ് കുമാർ, ക്യാപ്ടൻമാരായ സാമുവൽ ലതൻമാവി, സാം ജോർജ്, സുബേദാർ മൻജിത് സിംഗ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ 30 അംഗ സംഘത്തിന് തോമസ് ഫിലിപ്പോസിന്റെ വീട്ടിൽ സ്വീകരണമൊരുക്കി. തോമസ് പിലിപ്പോസിന്റെ ഭാര്യ ചിന്നമ്മ, മകൻ ആർമി സബ് മേജർ ബെന്നി ഫിലിപ്പിനും സംഘം ദീപശിഖ കൈമാറി. യുദ്ധത്തിന്റെ സുവർണ ജൂബിലി സ്മാരക ഫലകവും സമ്മാനിച്ചു. ദീപശിഖ നാളെ ദക്ഷിണ വ്യോമ സേനക്കും 7ന് തിരുവനന്തപുരം നാവിക സേനാ യൂണിറ്റിനും 8ന് എൻ.സി.സിയ്ക്കും 9ന് വിഴിഞ്ഞത്തെ തീരസംരക്ഷണ യൂണിറ്റിനും കൈമാറിയ ശേഷം 10ന് കന്യാകുമാരിയിലേക്ക് പര്യടനം തുടരും. ജീവിച്ചിരിക്കെ രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ മഹാവീർചക്ര പുരസ്കാരം നേടിയ ഏക മലയാളിയായിരുന്നു ക്യാപ്ടൻ തോമസ് ഫിലിപ്പോസ് . 2018 ജൂൺ 8നാണ് അദ്ദേഹം അന്തരിച്ചത്.