janasevana
കുന്നന്താനം കണ്ണൻകരചിറ പേരൂർ രത്‌നമ്മയെ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു.

മല്ലപ്പള്ളി : കുന്നന്താനം കരിക്കണ്ണൻചിറ പേരുർ വീട്ടിൽ ശ്യാമളകുമാരിയുടെയും സഹോദരങ്ങളുടെയും മാതാവിന്റെയും ദുരിതകഥയറിഞ്ഞെത്തിയ അടൂർ മഹാത്മ ജനസേവന കേന്ദ്രം ഇവരുടെ സംരക്ഷണം ഏറ്റെടുത്തു. 43 വർഷമായി തളർന്നുകിടക്കുന്ന സഹോദരങ്ങളായ പ്രകാശ് കുമാർ (57), സന്തോഷ് കുമാർ (55), മാതാവ് രത്‌നമ്മ (81) എന്നിവരുടെ സംരക്ഷണം ചുമലിലേറ്റി ജീവിതത്തോട് പടപൊരുതുകയായിരുന്നു ശ്യാമളകുമാരിയെന്ന അറുപത്തിമൂന്നുകാരി. മാതാവ് രത്‌നമ്മയെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി ചെങ്ങന്നൂരിലെ മഹാത്മയുടെ സെന്ററിലേക്ക് മാറ്റുകയും ബാക്കിയുള്ളവരെ വീട്ടിൽത്തന്നെ താമസിപ്പിച്ച് സംരക്ഷിക്കുന്നതിനുമാണ് തീരുമാനമെന്ന് മഹാത്മ ജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു. മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രിഷീൽഡ, നഴ്‌സ് പ്രീത എന്നിവർ സ്ഥലത്തെത്തിയാണ് ഏറ്റെടുത്തത്. തിരുവല്ല അഡീഷണൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. എം.ജെ. വിജയൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം എസ്.വി. സുബിൻ, ഗ്രാമപഞ്ചായത്ത് അംഗം ധന്യാമോൾ ലാലി, പൊതുപ്രവർത്തകരായ മാന്താനം ലാലൻ, ടി.ആർ രാജു എന്നിവരും പങ്കെടുത്തു.