പത്തനംതിട്ട: ഏതാനും മാസങ്ങൾ മാത്രം സർവീസ് അവശേഷിക്കുന്ന കോന്നി എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഒാഫീസർ ബി. പ്രസന്നകുമാറിന് നീതി നൽകാതെ വകുപ്പ് അധികൃതർ. 2006ലും 2015ലും മേലധികാരികൾ വൈരാഗ്യ പൂർവം സസ്പെൻഡ് ചെയ്തതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് പ്രസന്നകുമാറിന് അനുകൂലമായി ലഭിച്ച ഉത്തരവ് നടപ്പാക്കിയില്ല. സർവീസ് ആനുകൂല്യങ്ങളും നൽകിയിട്ടില്ല. 2006ൽ നടുവേദനയെ തുടർന്ന് ചികിത്സയിലായിരുന്നപ്പോൾ തൃശൂരിൽ ട്രെയിനിംഗിൽ പങ്കെടുക്കാത്തതിനാൽ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതിനെ തുടർന്ന് നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണ് പ്രസന്നകുമാർ. വകുപ്പ്തല അന്വേഷണത്തെ തുടർന്ന് സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയാക്കണമെന്ന് നിർദേശിച്ചിരുന്നങ്കിലും അവധി ആണെന്ന ഉത്തരവാണ് ഇറങ്ങിയത്. ഇതേതുടർന്ന് പ്രസന്നകുമാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചപ്പോൾ ഉത്തരവ് റദ്ദാക്കി. ഇതോടെ മേധികാരികൾക്കുണ്ടായ പക പ്രസന്നകുമാറിന് നീതി നിഷേധിക്കുന്ന തരത്തിലായി. 2015ൽ ട്രെയിനിംഗ് തീരാൻ 13 ദിവസം ബാക്കിയുള്ളപ്പോൾ അച്ചടക്ക ലംഘനം ആരോപിച്ച് എക്സൈസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. പ്രസന്നകുമാർ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചപ്പോൾ സർക്കാർ കുറ്റവിമുക്തനാക്കി. എന്നാൽ, പ്രസന്നകുമാറിന് കഴിഞ്ഞ 14 വർഷത്തെ ഇൻക്രിമെന്റ് നിഷേധിച്ചു. അവധികളിൽ വ്യക്തത വരുത്താതെ 2016-20 വർഷങ്ങളിലെ 18മാസത്തെ ശമ്പളം കൊടുത്തില്ല. 2008, 09, 10 വർഷങ്ങളിൽ അഞ്ച് പ്രാവശ്യം ശാരീരിക അസുഖം കാരണം എടുത്ത 100ൽ താഴെ ദിവസത്തെ അവധികൾ പാസാക്കാതിരുന്നു. 2006ന് ശേഷം ശമ്പള പരിഷ്കരണം നൽകിയിട്ടില്ല.