rush
അടൂർ കെ. എസ്. ആർ. ടി. സി കോർണറിൽ ഇന്നലെ അനുഭവപ്പെട്ട ഗതാഗതത്തിരക്ക്

അടൂർ : ' ഒരു സംശയം .... ഇന്ന് ഉത്രാടമാണോ ? എന്താ തിരക്ക്.. ' മണിക്കൂറുകളോളം ഗതാഗതത്തിരക്കിലമർന്ന അടൂർ നഗരത്തിന്റെ അവസ്ഥകണ്ട് ഫേസ് ബുക്കിൽ ഒരു സാംസ്കാരിക പ്രവർത്തകനിട്ട പോസ്റ്റാണിത്. ഇന്നലെ പുറത്തിറങ്ങിയ മിക്കവരുടെയും ചോദ്യം ഇതുതന്നെയായിരുന്നു. ‌

ഉത്രാടപാച്ചിലിൽ പോലും ഇല്ലാത്ത ഇൗ തിരക്ക് കണ്ട് പലതരത്തിലുള്ള സംശയങ്ങളാണ് ഉടലെടുത്തത്. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയോ എന്ന് ഒരുവിഭാഗം, എത്ര അനുഭവിച്ചാലും ജനം പഠിക്കില്ലെന്ന് വേറൊരു വിഭാഗം, ഇൗ പോക്ക് പോയാൽ ഉടൻ സമ്പൂർണ്ണ അടച്ചിടൽ ഉറപ്പെന്ന് മറ്റൊരു വിഭാഗം. അത്രകണ്ട് ഭീകരമായിരുന്നു ഇന്നലെ നഗരം നേരിട്ട തിരക്ക്. രണ്ട് ദിവസത്തെ അടച്ചിടലിൽ വീട്ടിൽ ഇരിക്കാൻ നിർബന്ധിതരായവർക്ക് ഇന്നലെ സ്വാതന്ത്ര്യം കിട്ടിയ അവസ്ഥയായിരുന്നു.

ബസുകളിൽ കുത്തിനിറച്ച് യാത്രക്കാർ, ബസ് സ്റ്റോപ്പുകളിൽ യാതൊരു സാമൂഹ്യ അകലവും പാലിക്കാതെ തിക്കിത്തിരക്കുന്നവർ, കടകളിലും ആശുപത്രികളിലും ആൾക്കൂട്ടം, സർവയിടങ്ങളിലും കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമായിരുന്നു.

വാഹനങ്ങൾ പാർക്ക് ചെയ്യാൻ നഗരത്തിൽ ഒരിടമില്ലായിരുന്നു, ഉപറോഡുകൾ കൈയടക്കി വാഹനങ്ങൾ പാർക്ക് ചെയ്തതോടെ കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലായി. നിരത്തുകളിൽ കുത്തിനിറച്ച് വാഹനങ്ങൾ നിരങ്ങിനീങ്ങിയതോടെ 30 രൂപയുടെ ഒാട്ടത്തിന് 50 രൂപയുടെ ഡീസൽ ചെലവായെന്ന് ഒാട്ടോറിക്ഷ ഡ്രൈവർമാരുടെ പരിഭവം പറച്ചിലും നഗരം കണ്ടു. സമീപകാലംകണ്ട ഏറ്റവും വലിയ തിരക്കാണ് ഇന്നലെ നിരത്തുകളിലും പൊതുഇടങ്ങളിലുമുണ്ടായത്. നിയന്ത്രണം ലംഘിച്ച് ജനം പുറത്തിറങ്ങിയതോടെ പകച്ചുനിൽക്കാനെ പൊലീസിനും കഴിഞ്ഞുള്ളു. അടൂരിലെ ഒരു വസ്ത്ര വ്യാപാരശാലയിൽ ഒാണക്കാലത്തെ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

ബൈപ്പാസിലെ ബിവറേജസ് കോർപ്പറേഷന്റെ ഭാഗത്തെ തിരക്കും അതിഭീകരമായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും കിലോമീറ്റർ നീളത്തിൽ മദ്യം വാങ്ങാൻ എത്തിയവരുടെ വാഹനങ്ങൾ നിരന്നു. ബിവറേജസിലെ കൗണ്ടൗറുകൾക്ക് മുന്നിലെ തിരക്ക് കൊവിഡിനെയും നാണിപ്പിക്കുന്നതായിരുന്നു. ഫലത്തിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ എല്ലാം ഇന്നലെ കാറ്റിൽപ്പറന്നു.

തിരക്കേറി റോഡും ബസും,
സീറ്റില്ലേൽ ഇറങ്ങിക്കോ

പത്തനംതിട്ട : ബസിൽ കയറാൻ ആളുകളേറെയുണ്ടെങ്കിലും ജില്ലയിൽ ബസ് സർവീസ് കുറവാണ്. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും സൂപ്പർ ഫാസ്റ്റുകളുമാണ് സർവീസ് നടത്തുന്നതിലധികവും. ഓർഡിനറി ബസുകൾ പകുതി മാത്രമേ സർവീസിനുള്ളു. ബസിൽ ഇരിക്കാൻ സീറ്റില്ലെങ്കിൽ അപ്പോൾ ഇറങ്ങിക്കോണമെന്നാണ്. അടുത്ത ബസ് അരമണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞാകും എത്തുക. അത്രയും സമയം ബസിനായി യാത്രക്കാർ സ്റ്റോപ്പുകളിൽ കാത്തിരിക്കണം. ശനിയും ഞായറും ലോക്ക് ഡൗൺ ആയതോടെ ഇന്നലെ റോഡിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മറ്റ് ദിവസങ്ങളിലും തിരക്കുണ്ടെങ്കിലും തിങ്കൾ, വെള്ളി ദിവസങ്ങളിൽ ആളുകൾ കൂട്ടമായി എത്തുകയാണ്. ജില്ലയിൽ ഡെൽറ്റ പ്ലസ് വൈറസ് കണ്ടെത്തിയതിനാൽ കൊവിഡ് വ്യാപനം വർദ്ധിക്കുമോയെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. സാമൂഹികാകലം പോലുമില്ലാതെ നിരവിധി പേരാണ് ബസ് സ്റ്റോപ്പിൽ കാത്തിരിക്കുന്നത്. സീറ്റ് കിട്ടാനായി തിക്കിത്തിരക്കിയാണ് ബസിൽ കയറുന്നത്. ബാങ്കുകളും ഓഫീസുകളും സർക്കാർ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് തിരക്ക് വർദ്ധിച്ചത്.