1
പെരിങ്ങനാട് സ്ക്കൂൾ

കടമ്പനാട് : പള്ളിക്കൽ പഞ്ചായത്തിലെ ആദ്യ സർക്കാർ വിദ്യാലയമായ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഇ.വി.കൃഷ്ണപിള്ളയെ എഴുത്തിനിരുത്തിയ 'ഷ്ടാന്റ് 'പള്ളിക്കൂടം 125ന്റെ നിറവിലേക്ക്. 1896 ലാണ് പെരിങ്ങനാട് സ്കൂൾ ആരംഭിക്കുന്നത്. ഇ.വിയെ കൂടാതെ മലയാള സാഹിത്യ രംഗത്ത് ശ്രദ്ധേയനായ മുൻഷി പരമുപിള്ളയും ഈ വിദ്യാലയത്തിന്റെ സന്തതിയാണ്. 1896 -97ൽ മുപ്പത് കുട്ടികളുമായി തുടങ്ങിയ വിദ്യാലയം 125 വർഷത്തിലെത്തുമ്പോൾ 930 കുട്ടികൾ പഠിക്കുന്ന സ്കൂളായി വളർന്നു. അഞ്ചാം ക്ലാസ് വരെയായിരുന്നു ആദ്യം. 1963 ൽ യു.പി സ്കൂളായി ഉയർന്നു. 1980 ൽ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിന്റെ സ്ഥലം സ്കൂളിന്‌ ലഭിച്ചതോടെ ഹൈസ്കൂളായി ഉയർത്തി. 2005 ൽ ഹയർ സെക്കൻഡറി തുടങ്ങി. ഇപ്പോൾ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിന്റെ പണികൾ പുരോഗമിക്കുന്നു. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിലെ മികച്ച സ്കൂളാണിത് . സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് യൂണിറ്റ്, ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്, എൻ.എൻ.എസ് യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നു. അർപ്പണമനോഭാവമുള്ള അദ്ധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സ്കൂളിന്റെ നേട്ടത്തിനായി ഒരുമനസോടെ കൈ കോർക്കുന്നു.

സ്കൂളിന് 125 വയസ് പിന്നിടുന്ന വേള ആഘോഷമാക്കും. ഇതിനായി വിപുലമായ സംഘാടക സമിതി വിളിച്ചു കൂട്ടി ഒരു വർഷത്തെ ആഘോഷ പരിപാടികൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും.

ജി.കൃഷ്ണകുമാർ,

പി.ടി.എ പ്രസിഡന്റ്

ഇ.വി.കൃഷ്ണപിള്ളയുടെ ആത്മകഥയിൽ നിന്ന്...

" എന്നെ എഴുത്തിനിരുത്തിയത് പള്ളിക്കൽ 'ഷ്ടാന്റ് പള്ളി കൂടത്തിലാണ്. ഇതെന്തു പള്ളി കൂടം എന്ന് വായനക്കാർ സംശയിച്ചേക്കാം. ശങ്കര സുബ്ബരയ്യർ ദിവാൻജിയുടെ വിദ്യാഭ്യാസ വിഷയകമായ പരിഷ്കാരങ്ങളിലൊന്നായി പ്രവർത്തി പള്ളി കൂടങ്ങൾ സ്ഥാപിച്ചിരുന്നല്ലോ. അതായത് ഒരു പകുതിയിൽ പ്രവൃത്തിയിൽ ഒരു സ്കൂൾ എന്നർത്ഥം. അങ്ങനെ ഞങ്ങളുടെ കുന്നത്തൂർ താലൂക്കിലെ ഒൻപത് പ്രവൃത്തിയിലും ഓരോ സ്കൂൾ ഉണ്ടായി. ഇതിനിടയ്ക്ക് ക്രൈസ്തവ പക്ഷക്കാരുടെ വക ഗ്രാന്റ് പള്ളി കൂടങ്ങളും ചിലയിടങ്ങളിൽ വന്നിട്ടുണ്ട്. എന്റെ പള്ളിക്കൽ പ്രവൃത്തിയിലേക്കുള്ള പെരിങ്ങനാട് പ്രൈമറി സ്കൂൾ യഥാർത്ഥത്തിൽ ഒരു സർക്കാർ പ്രവൃത്തി പള്ളിക്കൂടമാണ്. പക്ഷെ ഈ ദ്രാവിഡ നാമധേയം ഞങ്ങളുടെ ദിക്കിന്റെ അന്തസിന് യോഗ്യമായിരിക്കുന്നതല്ല എന്ന് ചില കരനാഥൻമാർ നിശ്ചയിച്ചു. അതുകൊണ്ട് ഗ്രാന്റ് പള്ളിക്കൂടത്തിന്റെ പേർ അവരിൽ ചിലർ ധരിച്ചു വച്ചിരിക്കുന്നതിന് വണ്ണം " ഷ്ടാന്റ് " പള്ളിക്കൂടമെന്ന് ഗൗരവപ്പെടുത്തി. ഭൂലോകത്തിലെ യാതൊരു ഗവൺമെന്റുകളും അറിയാതെ പെരിങ്ങനാട് ഷ്ടാന്റ് പള്ളിക്കൂടം എന്നാക്കി. എനിക്ക് എട്ട് പത്ത് വയസ്സാകുന്നിടം വരെ അർത്ഥഗർഭമായ ഈ നാമധേയം പള്ളിക്കൂടത്തിന്റെ ഭിത്തിയിൽ എഴുതിയിരിക്കുന്നത് കാണാമായിരുന്നു. ഈ ഷ്ടാന്റ് പള്ളിക്കൂടം നിൽകുന്നത് ക്ഷേത്രത്തിന് വടക്കുവശത്തുള്ള മൈതാനത്തിന്റെ പടിഞ്ഞാറെ അരികിലാണ്. "