പത്തനംതിട്ട: നഗരസഭയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ സി.പി.എം കൗൺസിലർ ,എസ്.ഡി.പി.ഐ കൗൺസിൽ അംഗങ്ങൾക്ക് നേരെ അസഭ്യ വർഷം നടത്തിയത് വിവാദമായി. സി.പി.എം കൗൺസിലർ വി.ആർ ജോൺസണാണ് എസ്.ഡി.പി.ഐയെ അസഭ്യം പറഞ്ഞത്. എസ്.ഡി.പി.ഐയുടെ ഔദാര്യമല്ല നഗരസഭയിലെ കൗൺസിലർ സ്ഥാനമെന്നും വർഗീയ വാദം തുലയട്ടെയെന്നുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.
കൗൺസിലറെ അനുകൂലിക്കുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഫേസ് ബുക്ക് പേജിൽ ഇതേ പോസ്റ്റിട്ടിട്ടുണ്ട്. രാഷ്ട്രീയ വിവരമില്ലായ്മ പാർട്ടി പഠന ക്ലാസിലാണ് പരിഹരിക്കേണ്ടതെന്ന് എസ്.ഡി.പി.ഐ കൗൺസിലർ എസ്. ഷെമീർ വാട്സ് ആപ്പ് ഗ്രൂപ്പിൽ മറുപടിയും നൽകി. തങ്ങൾ ആരെയെങ്കിലും ജയിപ്പിച്ചുവെന്നോ ആരെയെങ്കിലും പിന്തുണച്ചുവെന്നോ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം കൗൺസിലറുടെ അസഭ്യപരാമർശത്തിന് പിന്നിൽ സി.പി.എമ്മിലെ ചേരിപ്പോരും കാരണമായിട്ടുണ്ട്. എസ്.ഡി.പി.എെ പിന്തുണയിലാണ് അഡ്വ. സക്കീർ ഹുസൈൻ നഗരസഭ ചെയർമാനായതെന്ന വിമർശനം സി.പി.എമ്മിൽ മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു. എസ്.ഡി.പി.എെ പിന്തുണയില്ലെന്ന് സി.പി.എം ആവർത്തിക്കുന്നുമുണ്ട്.
സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് ചേരിപ്പോര് കനത്തത്. ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റിന് അനുമതി നൽകിയതിനെ തുടർന്ന് മന്ത്രി വീണാജോർജിന് അനുകൂലമായി ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ ഒരു ഡി.വൈ.എഫ്.ഐ നേതാവിനെ താക്കീത് ചെയ്ത് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും ഇദ്ദേഹത്തെ ഒടുവിൽ ഒഴിവാക്കി.
രാഷ്ട്രീയ പരാമർശം നടത്തേണ്ടത് ഔദ്യോഗിക ഗ്രൂപ്പിൽ അല്ലെന്നും അത് ആര് ചെയ്താലും ചെയർമാൻ എന്ന നിലയിൽ നടപടിയെടുക്കുമെന്നും നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ പറഞ്ഞു. സി.പി.എം എസ്.ഡി.പി.ഐയുടെ പിന്തുണയോടെയല്ല അധികാരത്തിൽ വന്നത്. അത് സി.പി.എമ്മിന്റെ നയവുമല്ല. സി.പി.എമ്മിന് കൃത്യമായി സ്റ്റാൻഡിംഗ് കമ്മിറ്റികളടക്കം ലഭിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. ഔദ്യോഗിക ഗ്രൂപ്പിലെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ല. മറ്റ് ചിലർ പറഞ്ഞറിഞ്ഞിരുന്നു.