തണ്ണിത്തോട്: പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വന്യമൃഗശല്യം രൂക്ഷം. കാട്ടുപന്നികൾക്കും കാട്ടാനകൾക്കും പുറമെ കാട്ടുപോത്തുകൾ, മ്ലാവ്, കേഴ, മുള്ളൻപന്നി, കുരങ്ങ്, മലയണ്ണാൻ, കാട്ടുകോഴികൾ എന്നിവയും കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്നു. തേക്കുതോട്, തണ്ണിത്തോട്, ഏഴാന്തല, മൂർത്തിമൺ, കൂത്താടിമൺ, മേടപ്പാറ, എലിമുളംപ്ലാക്കൽ, മണ്ണീറ, തൂമ്പാക്കുളം, പൂച്ചക്കുളം, അള്ളുങ്കൽ, മേക്കണ്ണം തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമാകുന്നത്. സന്ധ്യമയങ്ങിയാൽ ജനവാസമേഖലകളിലെ വീടുകളുടെ സമീപത്തു വരെ കാട്ടാനകളെത്തുന്നു. കഴിഞ്ഞദിവസം മണ്ണീറ വടക്കേക്കരയിൽ കാട്ടാനകൾ വീടുകളുടെ സമീപത്തു വരെയെത്തി. സോളാർ വേലികൾ പ്രവർത്തനക്ഷമമല്ല . നിരന്തരം കാട്ടാന ഇറങ്ങുന്ന പ്രദേശമാണ് പൂച്ചക്കുളം . ഒട്ടു മിക്ക കുടുംബങ്ങളും ഇവിടെ നിന്ന് താമസം മാറിപ്പോയി. ആളൊഴിഞ്ഞ വീടുകൾ കാട്ടാനകൾ നശിപ്പിക്കുന്നു. തെങ്ങുകളും കമുകുകളും പിഴുതുമറിച്ചിട്ടാണ് ഓലയും മറ്റും ഭക്ഷിക്കുന്നത്. ചക്കയും തേങ്ങയും, വാഴയും , കോലിഞ്ചിയും, കശുമാങ്ങയുമെല്ലാം ഇവ നശിപ്പിക്കുകയാണ്. വനംവകുപ്പ് പട്രോളിംഗ് നടത്താറില്ല. ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിൽ വനസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളും ഫലപ്രദമാകുന്നില്ല. നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രവീൺ പ്ലാവിളയിൽ പറഞ്ഞു.

കാടുവേണ്ട, നാടുമതി

വന്യമൃഗങ്ങൾക്ക് ആവാസവ്യവസ്ഥ അനുയോജ്യമല്ലാതാവുമ്പോഴാണ് അവ കാടുവിട്ട് പുറത്തിറങ്ങുന്നത്. ആഹാരം , വെള്ളം, അനുയോജ്യമായ കാലാവസ്ഥ, ശത്രുവിന്റെ ആക്രമണം, ജനസംഖ്യ വർദ്ധനവ്, പ്രജനനത്തിനു അനുയോജ്യമല്ലാത്ത സാഹചര്യം ഇവമൂലമാണ് മൃഗങ്ങൾ കാട്ടിൽ നിന്നിറങ്ങുന്നത്.ഉൾവനങ്ങളിൽ നിന്ന് ഇപ്പോൾ കാട്ടാനകൾ ഈറ്റക്കാടുകളിലേക്കും തേക്കുതോട്ടങ്ങളിലേക്കും മാറിയിട്ടുണ്ട്. നാട്ടിൽ സമൃദ്ധമായ കൈതച്ചക്കത്തോട്ടങ്ങളും ചക്കയും കാട്ടാനകളെ ആകർഷിക്കുന്നു.

ഉപ്പ് ഇട്ടുകൊടുത്തും പ്ലാവ്, ആഞ്ഞിലി തുടങ്ങിയ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചും കാട്ടാനകൾ നാട്ടിലേക്കു ഇറങ്ങുന്നത് ഒരു പരിധിവരെ തടയാൻ കഴിയും. സോളാർ വേലികൾ ഫലപ്രദമാക്കണം. ഇവയുടെ പരിപാലന ചുമതല വനസംരക്ഷണ സമിതികൾക്ക് നൽകണം. ജനവാസ മേഖലകളോട് ചേർന്ന വനാതിർത്തികളിൽ 5 മീറ്റർ വീതിയിൽ കാടുതെളിച്ചിടുന്നതിലൂടെയും മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാം. .കഴിഞ്ഞ പതിനഞ്ചു വർഷമായാണ് ആവാസവൃവസ്ഥയിലുണ്ടായ വ്യതിയാനം മൂലം രാജവെമ്പാലകൾ നാട്ടിലിറങ്ങി ത്തുടങ്ങിയത്. കാട്ടുപന്നികളെ ക്ഷുദ്രജീവിപ്പട്ടികയിലാക്കാൻ കേന്ദ്ര സർക്കാരിൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണം.

ചിറ്രാർ ആനന്ദൻ

വനംവകുപ്പ് മുൻ ഉദ്യോഗസ്ഥൻ, പരിസ്ഥിതി പ്രവർത്തകൻ