പത്തനംതിട്ട : കേരള ഗ്രാമീണ ബാങ്കിൽ ജീവനക്കാരുടെ ഒഴിവ് നിരവധിയുണ്ടെങ്കിലും അവ നികത്തുന്നില്ലെന്ന് പരാതി. ജീവനക്കാരുടെ എണ്ണം തീരുമാനിക്കാൻ നിയോഗിക്കപ്പെട്ട മിത്ര കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഏകദേശം 2500 ൽ അധികം ഒഴിവുകൾ ഗ്രാമീണ ബാങ്കിലുണ്ട്. കേരളത്തിൽ 634 ശാഖകളും 10 റീജണൽ ഓഫീസുകളും മലപ്പുറം ആസ്ഥാനമായ ഹെഡ് ഓഫീസുമാണ് പ്രവർത്തിക്കുന്നത്. ബാങ്കിന്റെ ഒട്ടുമിക്ക ശാഖകളിലും ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുന്നു.

ഇത് വലിയ പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ബാങ്കിന്റെ ബിസിനസിൽ 34 ശതമാനം വരെ വർധദ്ധനവുണ്ടായി. രണ്ടു വർഷത്തേക്ക് നിയമനങ്ങൾ ഒന്നും വേണ്ടെന്ന നിലപാടാണ് അധികാരികൾ സ്വീകരിച്ചിരിക്കുന്നത്. കേരള ഗ്രാമീണ ബാങ്കിന്റെ സ്‌പോൺസർ ബാങ്കായ കനറാബാങ്ക് തീരുമാനപ്രകാരമാണ് നിയമന നിരോധനം നടപ്പിൽ വരുത്തിയത്. നിരവധി വർഷങ്ങളായി താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുമുണ്ട്. അവരെ സ്ഥിരപ്പെടുത്താൻ ബാങ്ക് മാനേജ്മെന്റ് തയ്യാറായിട്ടില്ല. ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.
അറുന്നൂറോളം തസ്തികകളിൽ ദിവസവേതനക്കാരെ നിയമിച്ച് കുറഞ്ഞ കൂലി നൽകി സാഹചര്യത്തെ മുതലെടുക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്.
ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് ഇടപാടുകാർക്ക് ഉണ്ടാകുന്ന സാങ്കേതിക പരാതികൾ പരിഹരിക്കാൻ തയ്യാറായിട്ടില്ല. പല സ്ഥലത്തും പ്രവർത്തനരഹിതമായ എ.ടി.എം മെഷീനുകളാണുള്ളത്. ഇവ നന്നാക്കുന്നതിന് പകരം അടച്ചുപൂട്ടുന്ന നിലപാടാണ് ബാങ്ക് സ്വീകരിക്കുന്നത്. ജീവനക്കാർ ശാഖകളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സിസ്റ്റം കാലാവധി കഴിഞ്ഞിട്ടും മാറ്റി വാങ്ങാൻ മാനേജ്മെന്റ് തയ്യാറാവുന്നില്ലെന്നും ജീവനക്കാർ പറയുന്നു.

പ്രക്ഷോഭം നടത്തും

മുഴുവൻ തസ്തികകളിലും ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

8 മുതൽ 17 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ മലപ്പുറത്ത് കേരള ഗ്രാമീണ ബാങ്ക് ഹെഡ്ഓഫീസിനു മുമ്പിലും 8, 17 തീയതികളിൽ ബാങ്കിന്റെ എല്ലാ റീജണൽ ഓഫീസുകൾക്ക് മുമ്പിലും 30ന് ഏകദിന പണിമുടക്ക് സമരവും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു . ബെഫി ജില്ലാ സെക്രട്ടറി കെ.വി.ശിവാനന്ദൻ, ഗ്രാമീൺ ബാങ്ക് എംപ്ളോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.രഞ്ജു, ഗ്രാമീണ ബാങ്ക് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എം.പ്രവീൺ, ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് മിഥിൻ. എസ് എന്നിവർ പങ്കെടുത്തു.