പത്തനംതിട്ട: വർക്ക്‌ഷോപ്പ് തൊഴിലാളികളെ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെടുത്തി പെൻഷൻ അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ നൽകണമെന്ന് അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്‌സ് കേരള ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വർക്ക്‌ ഷോപ്പുകൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണം. സ്പെയർ പാർട്‌സ് കടകളും എല്ലാ ദിവസവും തുറക്കണം. പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവന്ന് ഇന്ധന കൊള്ള അവസാനിപ്പിക്കണം. കോർപ്പറേറ്റുകളെ സഹായിക്കുന്ന തരത്തിലുള്ള സ്‌ക്രാപ്പേജ് പോളിസിയുടെ നയം തിരുത്തി തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണം. അടൂർ യൂണിറ്റ് അംഗമായിരുന്ന മോഹനൻ ആചാരിയുടെ അപകട മരണത്തെ തുടർന്ന് കുടുംബത്തിനുള്ള ധനസഹായമായി സംഘടന നൽകുന്ന രണ്ട്ലക്ഷം രൂപ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നാളെ രാവിലെ 10.30ന് അടൂർ പാലാഴി ടവറിൽ നടക്കുന്ന ചടങ്ങിൽ നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി തമ്പി എസ്. പള്ളിക്കൽ, ജില്ലാ പ്രസിഡന്റ് മാത്യൂസ് വർഗീസ് , സെക്രട്ടറി പ്രസാദ് വി . മോഹനൻ, എം. എ ഏബ്രഹാം, പി. ബി രാഗേഷ് എന്നിവർ പങ്കെടുത്തു.