തിരുവല്ല: നഗരസഭയിലെ 12 -ാം വാർഡിലെ ഇരുവെള്ളിപ്പറ ഇടമനത്തറ കോളനിയിൽ ബി.ജെ.പി - സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഗർഭിണിയടക്കം ആറ് പേർക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ. മനു, ഇടമനത്തറ വൈശാഖിന്റെ ഭാര്യയും ഗർഭിണിയുമായ സുമി, കോളനി നിവാസികളായ അനിൽ, രതീഷ്, സൂരജ്, ജോബിൻ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 8.30നാണ് ആക്രമണം ഉണ്ടായത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണ പോസ്റ്ററുകൾ മഹിളാ അസോസിയേഷൻ പ്രവർത്തകർ ഇടമനത്തറയിലും പരിസരങ്ങളിലും ഒട്ടിച്ചിരുന്നു. ഈ പോസ്റ്ററുകൾ പിറ്റേന്ന് നശിപ്പിച്ചു കളഞ്ഞത് പ്രദേശത്ത് പ്രകോപനമുണ്ടാക്കി. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ. മനുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. മനുവിന്റെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇതേതുടർന്നുണ്ടായ സംഘർഷത്തിലാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. ആർ. മനുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി. ഇരുവിഭാഗങ്ങളിലുമായി 35 പേർക്കെതിരെ കേസെടുത്തതായി തിരുവല്ല സി.ഐ പറഞ്ഞു.