കോന്നി : വാഹനങ്ങളുടെ നമ്പർ പ്‌ളേറ്റുകളിൽ നിയമവിരുദ്ധമായി 'നമ്പരുകൾ' കാട്ടിയിരിക്കുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ നടപടി തുടങ്ങി. ഹെൽമെറ്റിനും വേഗപ്പൂട്ടിനും പിന്നാലെയാണ് നിയമാനുസൃതമല്ലാത്ത രീതിയിലും വലുപ്പത്തിലും വായിക്കാനാകാത്ത തരത്തിലും ചിത്രപ്പണികൾ ചെയ്തും രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയിട്ടുള്ള വാഹനങ്ങൾ പിടി കൂടി പിഴ ഈടാക്കിത്തുടങ്ങിയിരിക്കുന്നത്.
ഇരുചക്ര ,മുച്ചക്ര വാഹനങ്ങളുടെ നമ്പർ പ്‌ളേറ്റുകൾക്ക് 200 മീല്ലീമീറ്റർ വിതിയും 100 മില്ലീമീറ്റർ നിളവും ഉണ്ടായിരിക്കണം. സ്വകാര്യ കാറുകൾ, ലൈറ്റ് വെഹിക്കിളുകൾ എന്നിവയുടെ നമ്പർ പ്‌ളേറ്റുകളുടെ വീതി നീളം എന്നിവ യഥാക്രമം 340, 200 മില്ലിമീറ്റർആയിരിക്കണം. മീഡിയം ഹെവി വാഹനങ്ങളുടെ നമ്പർ പ്‌ളേറ്റുകളുടെ വലുപ്പം വീതി എന്നിവ 340ഉം നീളം 200ഉം മില്ലിമീറ്ററും അയിരിക്കണം. സ്വകാര്യവാഹനങ്ങളിൽ മുന്നിലും പിന്നിലും വെളുത്ത പ്രതലത്തിൽ കറുത്ത നിറത്തിൽ നമ്പർ രേഖപ്പെടുത്തണം. പബ്ളിക് വാഹനങ്ങളിൽ മുന്നിലും പിന്നിലും വശങ്ങളിലും മഞ്ഞ പ്രതലത്തിൽ കറുത്ത നിറത്തിലായിരിക്കണം നമ്പർ രേഖപ്പെടത്തേണ്ടത്.
രജിസ്റ്റർ നമ്പരിലെ അക്ഷരങ്ങളും അക്കങ്ങളും രേഖപ്പെടത്തേണ്ടതും നിശ്ചിത വലുപ്പത്തിലാണ്. വാഹനങ്ങളുടെ പിൻഭാഗത്ത് രണ്ട് വരികളായിട്ടാണ് നമ്പർ രേഖപ്പെടുത്തേണ്ടത്. ഇരുചക്ര,മുച്ചക്ര വാഹനങ്ങളുടെ പിൻവശത്തെ അക്ഷരങ്ങൾക്ക് 40 മില്ലിമീറ്റർ ഉയരവും 07മില്ലീമീറ്റർ കനവും അക്ഷരങ്ങൾ തമ്മിൽ 05 മില്ലിമീറ്റർ അകലവും ഉണ്ടാകണം. അക്കങ്ങളുടെ ഉയരം 35ഉം കനം 07ഉം അകലം 05ഉം മില്ലീമീറ്ററും ആയിരിക്കണം. മുൻവശത്തെ അക്കങ്ങളുടെയും അക്ഷരങ്ങളുടെയും ഉയരം 30ഉം കനം 05ഉം അകലം 05ഉം മില്ലീമീറ്റർ ആയിരിക്കണം. ഹെവി ലൈറ്റ് വെഹിക്കിളുകളുടെ അക്കങ്ങളും അക്ഷരങ്ങളും ഉയരം 65ഉം കനം 10ഉം അകലം 10ഉം മില്ലീമീറ്റർ വീതമായിരിക്കണം. നമ്പർ പ്‌ളേറ്റുകളിൽ ഇതല്ലാതെ വരകളോ ചിത്രങ്ങളോ സ്റ്റിക്കറുകളോ ഒന്നുമുണ്ടാകരുത്.നിയമവിരുദ്ധമായി രജിസ്റ്റർ നമ്പർ രേഖപ്പെടുത്തുന്നത് 2000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. മോട്ടോർ വാഹനവകുപ്പ് ഈ നിയമലംഘനത്തിന് ഇപ്പോൾ പിടി കൂടുന്നവർക്ക് നിശ്ചിത തീയതിക്കുള്ളിൽ ശരിയായ രീതിയിൽ രജിസ്റ്റർ നമ്പർ രേഖപ്പെടുത്താൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. നമ്പർ ശരിയായി രേഖപ്പെടുത്തിക്കൊണ്ടു വരുമ്പോൾ ഇവരിൽ നിന്ന് നിശ്ചത തുക പിഴ ഇടാക്കുകയും ചെയ്യും.