തിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെ ശ്രീവല്ലഭ മഹാക്ഷേത്രം അഡ്ഹോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിലെ ഗണപതി, ശാസ്താവ് എന്നീ ഉപദേവന്മാരുടെ ശ്രീകോവിലുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗണപതി നടയിലെ ശ്രീകോവിലിന്റെ ദ്രവിച്ച മുഖപ്പു മാറ്റി തേക്കിൽത്തീർത്ത മുഖപ്പു ഘടിപ്പിക്കും. തകരാറിലായ മേൽക്കൂരയിൽ തേക്കിൻ തടിയുടെ പുതിയ പട്ടികകളും ഓടുകളും സ്ഥാപിക്കും. തേക്ക് തടിയിലുള്ള പുതിയ കവാടവും ഒരുക്കും. ഇരുശ്രീകോവിലുകളുടെയും ഭിത്തിയിലെ കുമ്മായം നീക്കം ചെയ്യും. ഗണപതി നടയിലെ കരിങ്കൽ ഭിത്തിയിൽ അലങ്കാരപ്പണികൾ ചെയ്ത് മിനുക്കിയെടുക്കും. ശാസ്താ നടയിലെ ഭിത്തിയിൽ സിമന്റ് പൂശി ബലപ്പെടുത്തും. ശ്രീകോവിലുകളുടെ വാതിലിന് പുറത്ത് പുതിയ സ്റ്റൈൻലെസ് സ്റ്റീൽ ഗേറ്റുകളും സ്ഥാപിക്കും. ഗണപതിയുടെയും ശിവന്റെയും നടയുടെ തറയിൽ കരിങ്കൽപ്പാളികൾ പാകും. തകർച്ചയിലായ പീഠം മാറ്റി പുതിയത് സ്ഥാപിക്കും. സോപാനത്തിലെ തേയ്‌മാനമുണ്ടായ കരിങ്കൽപ്പടികൾ മാറ്റി പുതിയവ പണിയും. കരിങ്കൽക്കെട്ടുകളിൽ അലങ്കാരവും മിനുക്കുപണികളും പൂർത്തിയാക്കും. സ്ഥപതി കെ. നന്ദകുമാരവർമ്മയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് . നവീകരണ ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുവാനുള്ള ഒരുക്കത്തിലാണെന്ന് അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി ശ്രീകുമാർ പറഞ്ഞു.