മല്ലപ്പള്ളി : വ്യാപാരിക്ക് യാത്രക്കിടെ നഷ്ടപ്പെട്ട പണം പൊലീസ് സാന്നിദ്ധ്യത്തിൽ തിരികെ നൽകി. വായ്പ്പൂര് കടവന്താനം ജോഷി ആണ് കാൽലക്ഷത്തോളം രൂപയും രേഖകളും അടങ്ങിയ പേഴ്‌സ് കീഴ്വായ്പ്പൂര് പൊലീസിൽ ഏൽപ്പിച്ചത്. തുരുത്തിക്കാട്ട് പലചരക്ക് വ്യാപാരിയായ കല്ലൂപ്പാറ കാടമല വീട്ടിൽ രാജൻ തന്റെ കടയിലേക്ക് സാധനങ്ങൾ വാങ്ങുവാൻ മല്ലപ്പള്ളിയിലെ മൊത്തവ്യാപാര കടയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ പുതുശേരിയിൽ വെച്ചാണ് പണം നഷ്ടപ്പെട്ടത്. ഇലക്ട്രീഷനായ ജോഷി ഇതുവഴി വരുമ്പോൾ പേഴ്‌സ് ലഭിക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. പണം നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ രാജൻ പരാതിയുമായി എത്തുമ്പോൾ ജോഷി പൊലീസിൽ ഏൽപ്പിച്ച് തിരിച്ചിറങ്ങുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പേഴ്‌സ് തിരികെ നൽകി.