കൂടൽ: രാജഗിരി - കൂടൽ റോഡരികിലെ മണ്ണെടുപ്പ് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. കൂടൽ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പുന്നമൂട്ടിലെ റോഡരികിലാണ് മണ്ണെടുപ്പ് നടക്കുന്നത്. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലാണ് പ്രദേശം. ദിവസവും രാവിലെ മുതൽ ടിപ്പർ, ടോറസ് ലോറികളും ജെ.സി.ബി. കളും റോഡിൽ നിറയുന്നതിനാൽ കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്നു. മഴപെയ്യുമ്പോൾ റോഡിൽ ചെളി നിറഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമാവുകയാണ്. അനുമതിയിൽ കവിഞ്ഞ ലോഡുകളാണ് ഇവിടെ നിന്ന് പോകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. മണ്ണെടുപ്പ് മൂലം സമീപവാസികൾക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതിയുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ അധികൃതരുടെ ഒത്താശയോടെയാണ് മണ്ണ് മാഫിയ പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ പറയുന്നു . വില്ലേജ് ഓഫീസിലും, പഞ്ചായത്ത് ഓഫീസിലും, പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും നടപടിയില്ല. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാൻ ഹുസൈന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇതിനെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. ചോദ്യം ചെയ്യുന്നവർക്ക് നേരെ മണ്ണ് മാഫിയ സംഘത്തിൽപ്പെട്ടവർ ഭീഷിണിയും മുഴക്കുന്നതായി നാട്ടുകാർ പറഞ്ഞു.