അടൂർ :അൻപത്തെട്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന അയൽവാസിയായ യുവാവ് കോടതിയിൽ കീഴടങ്ങി. പെരിങ്ങനാട് പാറക്കൂട്ടം മനുഭവനിൽ മനു (31)വാണ് കീഴടങ്ങിയത്. ഭർത്താവ് പുറത്ത് സാധനങ്ങൾ വാങ്ങാനും മകനും മരുമകളും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാനും പോയ തക്കം നോക്കി , ജൂലായ് 1ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് അടുക്കളയിൽ പാചകംചെയ്തുകൊണ്ടുനിന്ന വീട്ടമ്മയെ ഇയാൾ പീഡിപ്പിക്കുന്നതിനായി ശ്രമിച്ചത്.. വീട്ടമ്മ ബഹളംവച്ചതോടെ അടുപ്പിൽ തീ ഉൗതുന്ന കുഴൽ ഇവരുടെ വായിലേക്ക് തിരുകിക്കയറ്റുകയും മുടിയിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുകയും ചെയ്തു. നിലവിളികേട്ട് അയൽവാസികൾ ഒാടിയെത്തുന്നത് മനസ്സിലാക്കി മനു ഒാടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ വീട്ടമ്മയെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് ഉൗ‌ർജ്ജിത അന്വേഷണം നടത്തിവരികയായിരുന്നു. മനുവിന്റെ ഭാര്യയുടെ നൂറനാട് പടനിലത്തുള്ള വീട് ഉൾപ്പെടെ പൊലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് അടൂർ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത് . കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. മനു നേരത്തെയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി നാട്ടുകാർക്ക് പരാതിയുണ്ട്.