പന്തളം: ഡ്രൈവർമാരുടെ വാട്‌സ് ആപ് കൂട്ടായ്മ 'സാരഥി'യുടെ അനാഥാലയത്തിന് ഒരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചു. പന്തളം ഹോളിസ്റ്റിക് ഫൗണ്ടേഷൻ നടത്തുന്ന അനാഥാലയത്തിന് ഒരു മാസത്തേക്കുള്ള പലചരക്ക് സാധനങ്ങൾ നല്കിയാണ് പദ്ധതി തുടങ്ങിയത്. പന്തളം എസ്‌.ഐ അജയകുമാർ ഉദ്ഘാടനം ചെയ്തു. അഡ്മിമാരായ ശരത് പന്തളം, സുനു പത്തനംതിട്ട, ജോബിൻ കോട്ടയം, നന്ദു കുരമ്പാല, ഫൗണ്ടേഷൻ ഭാരവാഹികളായ കെ.ആർ. സുശീന്ദ്രൻ നായർ, വർഗീസ് ഡാനിയൽ, ജോൺ തുണ്ടിൽ, ബാബു വർഗീസ്, പി.എൻ. സൗദാമിനി എന്നിവർ പങ്കെടുത്തു. ഒരു ഡ്രൈവർ പോലും തൊഴിലില്ലാതെ ബുദ്ധിമുട്ടരുത് എന്ന ലക്ഷ്യത്തോടെ 2019ലാണ് ഷമീർ വയനാട്, അൻഷാദ് കൊല്ലം, ശരത്ത് പന്തളം, റഫീഖ് മലപ്പുറം എന്നിവർ ചേർന്ന് സാരഥി വാട്‌സ്ആപ് കൂട്ടായ്മ തുടങ്ങിയത്. ഇപ്പോൾ 2500ലേറെ ഡ്രൈവർമാർ അംഗങ്ങളാണ്. 14 ജില്ലകളിലും പ്രവർത്തനം സജീവമാണ്. 14 ജില്ലകളിലുള്ള ഓരോ അനാഥാലയത്തിന് കൈത്താങ്ങാകാനാണ് സാരഥിയുടെ തീരുമാനം.