national-highway
വടശ്ശേരിക്കര കന്നാമ്പാലത്തിനോട് ചേർന്ന് തകർന്നു കിടന്നുന്ന ശബരിമലപ്പാത

റാന്നി: ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്ത മണ്ണാറക്കുളഞ്ഞി -ഇലവുങ്കൽ ശബരിമല പാതയുടെ വികസനം അനന്ദമായി നീളുന്നു. ഒരു വർഷം മുമ്പാണ് പൊതുമരാമത്തു വകുപ്പിൽ നിന്നും ഈ റോഡ് ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്തത്. ശബരിമല തീർത്ഥാടനം അടുത്ത് വരുന്ന ഈ വേളയിൽ റോഡിന്റെ സ്ഥിതി വളരെ ശോചനീയമാണ്. ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരുന്ന റോഡിന്റെ കാലാവധി തീർന്നതിനാൽ പലയിടങ്ങളിലും റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുഴിയിൽ വീണ് പല വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. മണ്ണാറക്കുളഞ്ഞി ഇലവുങ്കൽ ശബരിമല പാതയുടെ കാലാവധി പൂർത്തിയായ ശേഷം കഴിഞ്ഞ മാർച്ചിലാണ് ഭരണിക്കാവ് മുണ്ടക്കയം ദേശീയ ഹൈവേയുടെ ഭാഗമായി പി.ഡബ്ല്യു.ഡിയിൽനിന്ന് ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്തത്. പുനലൂർ സെക്ഷനാണ് പാതയുടെ ചുമതല. കഴിഞ്ഞവർഷം തീർത്ഥാടനത്തിന് മുമ്പ് പുനരുദ്ധാരണം നടത്തിയത് ദേശീയ ഹൈവേ വിഭാഗമാണ്. പിന്നീട് പണിയൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ തീർത്ഥാടനത്തിന് ശേഷം റോഡിന്റെ ഉപരിതലം പൊളിഞ്ഞ അവസ്ഥയിൽ തന്നെ തുടരുകയാണ്. ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായതിനാൽ എല്ലാവർഷവും മെയിന്റനൻസ് നടത്തിയിരുന്നു. ഈ ഭാഗങ്ങളൊക്കെ ഇപ്പോൾ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും വളവുകളിൽ കുഴി രൂപപ്പെട്ടതിനാൽ മെറ്റൽ അവശിഷ്ടങ്ങളും മറ്റും വന്നടിഞ്ഞു ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. സ്ഥലപരിചയം ഇല്ലാതെ വാഹനത്തിൽ വരുന്നവരാണ് അപകടത്തിൽപ്പെടുത്തത് ഏറെയും. മഴസമയത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകട സാദ്ധ്യതയും കൂടുതലാണ്. ശബരിമല തീർത്ഥാടനം അടുത്ത് വരുന്ന ഈ വേളയിൽ റോഡുപണി വേഗത്തിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.