പത്തനംതിട്ട: ജില്ലാ ആസൂത്രണ സമിതിയിലേക്കുളള തിരഞ്ഞെടുപ്പ് പൂർത്തിയായി. ജനറൽ വിഭാഗത്തിൽ പത്തനംതിട്ട നഗരസഭ കൗൺസിലറായ പി.കെ.അനീഷിനേയും സ്ത്രീ വിഭാഗത്തിൽ പത്തനംതിട്ട നഗരസഭ കൗൺസിലർ രാജി ചെറിയാനേയും തിരഞ്ഞെടുത്തു. ജനറൽ വിഭാഗത്തിൽ ആകെ പോൾചെയ്ത 102 വോട്ടിൽ 61 വോട്ട് പി.കെ.അനീഷിനും 40 വോട്ട് എതിർ സ്ഥാനാർത്ഥി സി.കെ.അർജുനനും ലഭിച്ചു. ഒരു വോട്ട് അസാധുവായി. സ്ത്രീ വിഭാഗത്തിൽ ആകെ പോൾചെയ്ത 102 വോട്ടിൽ 61 വോട്ട് രാജി ചെറിയാനും 41 വോട്ട് സാറാമ്മ ഫ്രാൻസിസിനും ലഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായി രാജി പി. രാജപ്പൻ (എസ്.സി. വനിത), വി.ടി അജോമോൻ (എസ്.സി.ജനറൽ), ലേഖാ സുരേഷ്, സി.കെ ലതാകുമാരി, സാറാ തോമസ്, ബീനപ്രഭ, ആർ.അജയകുമാർ, ജിജി മാത്യു, സി.കൃഷ്ണകുമാർ, ജോർജ് ഏബ്രഹാം എന്നിവരെയാണ് തിരഞ്ഞെടുത്തത്. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, തുടങ്ങിയവർ പങ്കെടുത്തു.