kseb-electric-post
അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വൈദുതി തൂൺ

റാന്നി : അപകട ഭീഷണി ഉയർത്തി 11 കെവി ലൈൻ കടന്നു പോകുന്ന വൈദ്യുതി തൂൺ റോഡിലേയ്ക്ക് ചരിഞ്ഞു നിൽക്കുന്നു. മുക്കട-ഇടമൺ- അത്തിക്കയം എം.എൽ.എ റോഡിൽ തോമ്പിക്കണ്ടം ചപ്പാത്ത് ജംഗ്ഷന് സമീപമാണ് തൂൺ ചരിഞ്ഞു നിൽക്കുന്നത്. കെ ഫോൺ നൽകുന്നതിനായുള്ള കേബിൾ വലിച്ച ശേഷമാണ് തൂൺ അപകടാവസ്ഥയിലായത്. നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലാണ് അധികൃതരുടെ അനാസ്ഥയുടെ ഈ നേർചിത്രം. ഉയരമുള്ള വാഹനങ്ങൾ വശത്തേക്ക് മാറ്റിയാൽ തൂണിൽ തട്ടുവാൻ സാദ്ധ്യത ഏറെയാണ്‌. റോഡ് ഉന്നത നിലവാരത്തിലാക്കുന്നതിനായുള്ള നിർമ്മാണത്തിന് ശേഷം റോഡിന് മദ്ധ്യത്തിലായ വൈദ്യുതി തൂണുകൾ മാറ്റണമെന്ന നിർദ്ദേശവും ഇതുവരെ നടപ്പായില്ല. സമീപത്തെ റബർബോർഡു വക സ്ഥലത്തേക്ക് സ്റ്റേലൈൻ ഉപയോഗിച്ചാൽ തൂൺ നിവർത്തി നിറുത്താനാകും.