കോന്നി : പുനലൂർ - മൂവാറ്റുപുഴ റോഡ് വികസനത്തിന്റെ ഭാഗമായി മേൽപ്പാലം വന്നാൽ കോന്നിയുടെ മുഖശ്രീ തന്നെ മാറും. കോന്നിയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ടൗണിൽ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള സാദ്ധ്യതാ പഠനം കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. റിപ്പബ്ലിക്കൻ ഹൈസ്‌കൂളിന് മുന്നിൽ നിന്നും ആരംഭിച്ച് മാരൂർപാലത്ത് അവസാനിക്കുന്ന നിലയിലുള്ള മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള സാദ്ധ്യതയാണ് പരിശോധിക്കുന്നത്.

ഗതാഗതക്കുരുക്കിന് പരിഹാരം

മെഡിക്കൽ കോളേജ് പൂർണതോതിൽ പ്രവർത്തനമാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഇതോടെ നൂറുകണക്കിന് വാഹനങ്ങൾ കോന്നി ടൗണിലേക്ക് എത്തും. ശബരിമല തീർത്ഥാടകൾ ഉൾപ്പടെ ഉപയോഗിക്കുന്ന പ്രധാന പാതയാണ് കോന്നിയിലൂടെ കടന്നുപോകുന്നത്. നിലവിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കാണ് കോന്നിയിൽ അനുഭവപ്പെടുന്നത്. മേൽപ്പാലം വന്നാൽ കോന്നി ടൗണിൽ വരേണ്ടാത്ത വാഹനങ്ങൾ മേൽപ്പാലത്തിലൂടെ കടന്നു പോകും.


റോഡുകളും വികസിക്കും

കോന്നിയിലേക്ക് വരേണ്ട വാഹനങ്ങൾക്ക് മേൽപ്പാലത്തിന്റെ തുടക്ക ഭാഗത്ത് നിന്നും അഞ്ച് മീ​റ്റർ വീതിയുള്ള റോഡ് ഇരുവശത്തും ഉണ്ടാകും. മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് അവസാനിക്കുന്ന ഭാഗത്തു നിന്നും അഞ്ച് മീ​റ്റർ റോഡ് മേൽപ്പാലത്തിന്റെ അടിഭാഗത്തേക്കു മാറി കൂടുതൽ വീതിയുള്ള റോഡാകും. മേൽപ്പാലത്തിന്റെ അടിയിൽ തൂണുകൾക്കിടയിൽ ലഭിക്കുന്ന സ്ഥലം പാർക്കിംഗിനും ഉപകരിക്കും. ഇത് പൊതുജനങ്ങൾക്കും, ടൗണിലെ കച്ചവട സ്ഥാപനങ്ങൾക്കും കൂടുതൽ സഹായകമാകും. കോന്നി ടൗണിൽ ഒന്നര കിലോമീ​റ്റർ നീളത്തിൽ ഒരു മേൽപ്പാലമുണ്ടായാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം കോന്നിയുടെ മുഖച്ഛായ തന്നെ മാറും.

..........................................................

പുതിയതായി വസ്തു ഏ​റ്റെടുക്കുന്നത് പരമാവധി ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. സമയബന്ധിതമായി യാഥാർത്യമാക്കാനുള്ള നിരന്തര ഇടപെടീൽ നടത്തുന്നുണ്ട്. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ സാദ്ധ്യതാ പഠനം നടന്നുവരികയാണ്.

കെ.യു. ജനീഷ് കുമാർ

എം.എൽ.എ

...........................................................

-മേൽപ്പാലത്തിന്റെ നീളം ഒന്നര കിലോമീ​റ്റർ

-തുടക്ക സ്ഥലത്ത് 20 മീ​റ്റർ വീതി

-മദ്ധ്യഭാഗത്ത് 10 മീ​റ്റർ വീതിയിൽ രണ്ടുവരി പാത

-റോഡിൽ നിന്ന് 7.5 മീ​റ്റർ ഉയരം