പത്തനംതിട്ട: റാന്നി മണ്ഡലത്തിലെ വികസനത്തിനായി ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു.
വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പഞ്ചായത്തുകൾതോറുമുള്ള വികസന സദസുകൾക്ക് ഇന്നു തുടക്കമാകും. പെരുനാട് പഞ്ചായത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് ആദ്യ വികസന സദസ് ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ പറ്റാത്തതിനാൽ ത്രിതല ജനപ്രതിനിധികളെ പങ്കെടുപ്പിച്ചാണ് സംവാദം.
. ജനകീയ ആവശ്യങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന നിലപാടാണുള്ളതെന്ന് പ്രമോദ് നാരായൺ പറഞ്ഞു. ആദിവാസികളെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പദ്ധതികൾ തയ്യാറാക്കും. . കാഞ്ഞീറ്റുകര, പെരുനാട്, വെച്ചൂച്ചിറ സി.എച്ച്.സികളിൽ അഗ്രോപാർക്ക് റാന്നിയിൽ വേണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിനായി പഠനം നടത്തും. മരംമുറി വിവാദത്തിൽ കർഷകർ പങ്കാളികളല്ല. കർഷകഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ അവർക്കുതന്നെ അർഹതപ്പെട്ടതെന്നതാണ് നയം. ഇക്കാര്യത്തിൽ കേരള കോൺഗ്രസ് എം. നിലപാട് എൽഡിഎഫിനെ അറിയിച്ചിട്ടുണ്ട്.
പൊന്തൻപുഴ, വലിയകാവ് വനമേഖലയുമായി ചേർന്ന ഭൂപ്രദേശങ്ങളിൽ താമസിച്ചുവരുന്നവർ പെരുമ്പെട്ടി കേന്ദ്രീകരിച്ചു പട്ടയത്തിനുവേണ്ടി നടത്തുന്ന സമരത്തോടു യോജിക്കുന്നു.
പുനലൂർ -മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിൽ പ്ലാച്ചേരി -കോന്നി റീച്ചുമായി ബന്ധപ്പെട്ടുയർന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ നടപടികളെടുത്തുവരുന്നുണ്ട്. അതിരുതിരിച്ച് സർവേക്കല്ല് സ്ഥാപിച്ച് അടയാളപ്പെടുത്തിയ സ്ഥലത്തു കൂടി മാത്രമെ റോഡ് നിർമ്മിക്കുകയുള്ളൂവെന്ന് പരാതിക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
കുരുമ്പൻമൂഴി, അറയാഞ്ഞിലിമൺ കോസ് വേകളുടെ സ്ഥാനത്തു പാലം നിർമ്മിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു.
ജില്ലയിൽ കേരളകോൺഗ്രസിനുള്ളിൽ യാതാരു പ്രശ്‌നങ്ങളുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും യോജിച്ചാണ് പോകുന്നത്. നിയമസഭ കൈയാങ്കളിയുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ കെ.എം. മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിട്ടില്ല. യു.ഡി.എഫും എൽ.ഡി.എഫും മാണി അഴിമതിക്കാരനല്ലെന്നാണ് പറഞ്ഞിട്ടുള്ളതെന്നും പ്രമോദ് നാരായൺ പറഞ്ഞു.