കോഴഞ്ചേരി: ടൗണിലെ ഗതാഗത പരിഷ്‌കരണം പുനർനിർണയിച്ചത് വിവാദമാകുന്നു.പുതിയ വൺവേ സമ്പ്രദായം നടപ്പിലാക്കിയത് പുന:പരിശോധിക്കണമെന്ന ആവശ്യംശക്തമായി. കോഴഞ്ചേരി ജില്ലാ ആശുപത്രി റോഡ് കഴിഞ്ഞ് വലത്തേക്ക് സി.കേശവൻ സ്‌ക്വയറിലേക്ക് തിരിയുന്ന ഭാഗത്താണ് അധികൃതർ കഴിഞ്ഞ ദിവസം ഗതാഗതം നിരോധിച്ചത്.

സൂചനാ ബോർഡിൽ 'നോ എൻട്രി ' എന്ന് രേഖപ്പെടുത്തിയത് അശാസ്ത്രീയമാണെന്നാണ് പരാതി. പഴയ രീതിയിൽത്തന്നെ ഇവിടെ നിന്ന് വാഹനങ്ങൾ തിരിഞ്ഞുപോവുകയാണ്.

പഞ്ചായത്ത് ഭരണ സമിതിയുടെ തുടക്കത്തിലാണ് അവസാനമായി കോഴഞ്ചേരിയിൽ ഗതാഗത ഉപദേശക സമതി യോഗം ചേർന്നത്. അന്നെടുത്ത തീരുമാനങ്ങൾ മിക്കതും നടപ്പായില്ലന്ന് മാത്രമല്ല കൂടുതൽ വഷളാവുകയും ചെയ്തു. സൗകര്യ പ്രദമായ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പുകൾ അശാസ്ത്രീയമായി മാറ്റുകയും ചെയ്തു. ജനത്തിന് ബുദ്ധിമുട്ടായതോടെ ഇപ്പോൾ എവിടെ നിന്നും ബസുകളിൽ കയറാവുന്ന സ്ഥിതിയിലുമായി. പ്രധാന പാതയിലെ കുരുക്ക് ഒഴിവാക്കുന്നതിന് പരിഹാരം കാണാതെ ചെറിയ വഴിയിലേക്ക് തിരിഞ്ഞത് ചിലരുടെ കച്ചവട താൽപ്പര്യമാണെന്നാണ് ആരോപണം.ഗതാഗതക്കുകുരുക്ക് ഒഴിവാക്കാൻ ഏത് നടപടിയും എടുക്കുമ്പോൾ അത് എല്ലാവർക്കും ഒരു പോലെ ബാധകമാക്കണമെന്നാണ് നഗരത്തിലെ വ്യാപാരികൾ പറയുന്നത്. ഫ്ളക്സ് ബോർഡ് വച്ചതല്ലാതെ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ല. ബോർഡ് സ്ഥാപിക്കാൻ പോയതല്ലാതെ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിജി വറുഗീസ് പറഞ്ഞു. പുതിയ ഭരണ സമതി വന്ന ശേഷം ഗതാഗത ഉപദേശക സമിതി യോഗം ചേർന്നിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

ഗതാഗത പരിഷ്‌കാരത്തിന് എന്ത് നടപടിയും സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം ഉണ്ടെന്നും ഇത് നടപ്പിലാക്കാനാണ് ബോർഡ് വച്ചതെന്നും ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ് പറഞ്ഞു. ഇക്കാര്യത്തിൽ നിജ സ്ഥിതി പരിശോധിക്കുമെന്ന് ആറന്മുള എസ്.എച്ച്.ഒ പി.എം.ലിബി പറഞ്ഞു. ഗതാഗത പരിഷ്‌കരണം നടത്തുമ്പോൾ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുകയും തീരുമാനമെടുത്തശേഷം മാദ്ധ്യമങ്ങൾ വഴി പൊതുജനത്തെ അറിയിക്കുകയും വേണമെന്നിരിക്കെ ഇത് പാലിച്ചില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജെറി മാത്യു സാം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ആലോചിക്കാതെയാണ് പുതിയ പരിഷ്‌കാരം നടപ്പാക്കിയതെന്ന് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.ആർ.സോമരാജൻ, സെക്രട്ടറി സദാനന്ദ പൈ എന്നിവർ പറഞ്ഞു.