തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് വെട്ടിപ്പ് കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. റിമാൻഡിലായിരുന്ന കേസിലെ ഒന്നും രണ്ടും പ്രതികളും ടാങ്കർ ലോറി ഡ്രൈവർമാരുമായ നന്ദകുമാർ, സിജോ തോമസ്, മൂന്നാം പ്രതി ട്രാവൻകൂർ ഷുഗേഴ്സ് ജീവനക്കാരൻ അരുൺ കുമാർ എന്നിവരെയാണ് 12 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോഫി അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കേസിലെ നാലുമുതൽ ആറുവരെ പ്രതികളായ ജനറൽ മാനേജർ അലക്സ് പി. എബ്രഹാം, പേഴ്സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവർ ഒളിവിലാണ്. സ്പിരിറ്റ് ടാങ്കറുകളിൽ നിന്നും മറിച്ചു വിറ്റ മദ്ധ്യപ്രദേശിലേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി തെളിവെടുപ്പിന് അടുത്ത ദിവസം പോകുമെന്ന് പുളിക്കീഴ് സി ഐ ഇ.ഡി. ബിജു പറഞ്ഞു.