കോഴഞ്ചേരി : ഹൈന്ദവ നവോത്ഥാന പ്രവർത്തനങ്ങളിൽ സ്വജീവിതം ഉഴിഞ്ഞുവച്ച കർമ്മ ധീരനായ ആചാര്യനെയാണ് സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിലൂടെ സമൂഹത്തിന് നഷ്ടമായതെന്ന് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി..എസ്..നായർ പറഞ്ഞു.മഹാമണ്ഡലവുമായി ദീർഘ കാലത്തെ ബന്ധമാണ് സ്വാമിക്ക് ഉണ്ടായിരുന്നത് .ഹിന്ദുമത പരിഷത് പ്രവർത്തനങ്ങളിൽ അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ആദ്ധ്യാത്മിക രംഗത്ത് സജീവമായിരിക്കുമ്പോഴും സാമൂഹിക സാംസ്‌കാരിക മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് .
ഹിന്ദു മത മഹാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ ഉപദേശ നിർദ്ദേശങ്ങളാണ് സ്വാമി നൽകിയിരുന്നത്. പിന്നാക്കാവസ്ഥയിലുള്ള ഹിന്ദു സമൂഹത്തെ സഹായിക്കാനുള്ള നിർദ്ദേശവും അദ്ദേഹം നൽകിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തങ്ങളിൽ മഹാമണ്ഡലം സജീവമായതെന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ട് പിന്നിട്ട പരിഷത്തിന്റെ ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്ന ആചാര്യനാണ് സ്വാമി പ്രകാശാനന്ദ എന്ന് ഹിന്ദു മത മഹാ മണ്ഡലം സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള പറഞ്ഞു.മഹാമണ്ഡലം ഭാരവാഹികളായ ഡി രാജഗോപാൽ,പി.ആർ.ഷാജി എന്നിവർ ശിവഗിരിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു