08-cgnr-muni1
നഗരസഭ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചപ്പോൾ

ചെങ്ങന്നൂർ: നഗരസഭാ സെക്രട്ടറിയെയും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെയും ആക്രമിച്ച കൗൺസിലറെയും മകനെയും അറസ്റ്റു ചെയ്യണമെന്നും കൗൺസിലറെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് ചെയർപേഴ്‌സന്റെ ഓഫീസിനു മുന്നിൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സെക്രട്ടറി നാരായണൻ സ്റ്റാലിൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി മോഹനകുമാർ എന്നിവരെയാണ്
നഗരസഭ 21ാം വാർഡ് കൗൺസിലർ തോമസ് വർഗീസും (രാജൻ കണ്ണാട്ട്), മകൻ മാത്യു കെ. തോമസും ചേർന്ന് ആക്രമിച്ചതായി പരാതി. പ്രതികൾക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റു ചെയ്യാൻ പൊലിസ് മടിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം.
ഇന്നലെ രാവിലെ ആരംഭിച്ച അനിശ്ചിതകാല സമരം ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് പ്രകാശ്.വി അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.എ ജില്ലാ പ്രസിഡന്റ് നിഷാന്ത്.ആർ, കെ.എം.സി.എസ്.യു
യൂണിറ്റ് പ്രസിഡന്റ് നസീർ, എച്ച്‌ഐ സുജിത്ത് സുധാകർ, ജെ.എച്ച്‌.ഐ. ബി.മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

മുന്നറിയിപ്പില്ലാതെ നടത്തിയ സമരം വിവിധ അവശ്യങ്ങൾക്കായി നഗരസഭയിലെത്തിയ ജനത്തെ വലച്ചു. നഗരസഭയിലെത്തിയ ശേഷമാണ് മിക്കവരും പണിമുടക്കാണെന്ന കാര്യം അറിഞ്ഞത്.

നഗരസഭയുടെ അധീനതയിലുള്ള ശാസ്താംപുറം മാർക്കറ്റ് കോംപ്ലക്‌സിലെ
അനധികൃത നിർമ്മാണം നീക്കം ചെയ്യുവാനെത്തിയപ്പോഴാണ് ആക്രമണം നടന്നത്.
കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായി വിജയിച്ച രാജൻ കണ്ണാട്ട് നിലവിൽ യു ഡി എഫ് പാളയത്തിലാണെങ്കിലും മന്ത്രിയുടെ ബന്ധുകൂടിയാണ്. സെക്രട്ടറി സ്റ്റാലിൻ നാരായണൻ ഇടതുപക്ഷ അനുഭാവിയും യൂണിയൻ അംഗവുമാണ്. ഇക്കാരണത്താൽ മന്ത്രി ബന്ധുവായ രാജൻ കണ്ണാട്ടിനെ അറസ്റ്റു ചെയ്യാതിരിക്കാൻ ഇടതു പക്ഷത്തുനിന്നുതന്നെ സമ്മർദ്ദമുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.