പന്തളം: അച്ചൻകോവിലാറ്റിൽ വയറപ്പുഴ പാലം നിർമ്മിക്കുന്നതിനുവേണ്ടി മണ്ണ് പരിശോധന തുടങ്ങി. മൂന്നാം തവണയാണ് പാലത്തിന്റെ തൂണുകൾ വരുന്ന ഭാഗത്ത് ഉറപ്പുണ്ടോയെന്ന് അറിയാൻ പരിശോധന നടത്തുന്നത്. പ്രളയത്തിനു മുമ്പ് മണ്ണുപരിശോധന നടത്തിയതിനാലാണ് വീണ്ടും പരിശോധിക്കേണ്ടിവന്നത്. പന്തളം നഗരസഭയെയും കുളനട പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. നിർമ്മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിരുന്നു.
9.35,23,000 രൂപയാണ് സംസ്ഥാനസർക്കാർ അനുവദിച്ചത്. നേരത്തെ അനുവദിച്ച രണ്ടുകോടിയിൽ നിന്ന് എട്ടരക്കോടിയിലേക്കും പിന്നീട് 9.35 കോടിയിലേക്കും എത്തുകയായിരുന്നു. മുളമ്പുഴ കരയിലെ വയറപ്പുഴ കടവും ഞെട്ടൂർ വയറപ്പുഴ കടവും തമ്മിൽ ബന്ധിപ്പിച്ച് ഇപ്പോൾ കടത്തുവള്ള സർവീസ് നടക്കുന്നിടത്താണ് പാലം വരുന്നത്. കടത്തുവള്ളം ഉണ്ടങ്കിലും കഴിഞ്ഞ കുറ മാസങ്ങളായി നിലച്ചിരിക്കുകയാണ്.പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവ കാലത്ത് മഹാദേവാ ഹിന്ദുസേവാ സമിതിയും കരക്കാരും ചേർന്ന് ഇവിടെ താത്ക്കാലിക പാലം പണിയാറുണ്ട്.
കെ.സി.രാജഗോപാലൻ എം.എൽ.എ. ആയിരിക്കുമ്പോഴാണ് പാലത്തിനുവേണ്ടി ആദ്യ ശ്രമം തുടങ്ങുന്നത്. അന്ന് ഇരുകരകളിലും മണ്ണുപരിശോധന നടത്തി ആറ്റുതീരം മുതൽ ആലുനിൽക്കുന്നതിൽമണ്ണുവരെയുള്ള സ്ഥലം റോഡിന് വേണ്ടി ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇത് പൂർത്തിയായപ്പോഴേക്കും ഭരണമാറ്റം വന്ന് പദ്ധതി മുടങ്ങി. പിന്നീട് വീണാ ജോർജ് എം.എൽ.എയായതോടെ പദ്ധതി പുനരുജ്ജീവിപ്പിക്കുകയായിരുന്നു.
------------------------
നീളം - 7 മീറ്റർ
വീതി - 11 മീറ്റർ
ഇരുവശവും നടപ്പാത
അനുവദിച്ചത് - 9.35 കോടി.
പ്രയോജനം
@ തകർന്നു കിടക്കുന്ന കുരമ്പാല-പൂഴിക്കാട്-വലക്കടവ് -മുട്ടാർ റോഡ് പുനർനിർമ്മിച്ച് വയറപ്പുഴ- ഞെട്ടുർ- മാന്തുക എം.സി റോഡിൽ എത്തുന്ന ബൈപ്പാസ് റോഡാക്കി മാറ്റാൻ പാലം വരുന്നതോടെ കഴിയും. ഇതോടെ എം സി റോഡിലെയും പന്തളം , കുളനട ജംഗ്ഷനുകളിലെയും ഗതാഗതക്കുരുക്കിന് ഒരു പരിധി വരെപരിഹാരമാകും.
@ മാവേലിക്കര ഭാഗത്തുനിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗത്തേക്ക് പോകാനുള്ളവർക്ക് പന്തളം ജംഗ്ഷൻ ചുറ്റാതെ കുളനടയിലെത്തി എം.സി. റോഡിലേക്ക് പ്രവേശിക്കാനും പാലം വരുന്നതോടെ കഴിയും. ഇപ്പോൾ ഇരുകരകളിലും ഉള്ളവർ കിലോമീറ്ററുകൾ താണ്ടി പന്തളം ജംഗ്ഷനി ലെത്തി വേണം യാത്രചെയ്യണ്ടത്.