കടമ്പനാട് : ഇഴ ജന്തുക്കളുടെയും പന്നികളുടെയും വിഹാരകേന്ദ്രമായി മാറിയ പെരിങ്ങനാട് പുള്ളിപ്പാറമലയിലെ കുടിവെള്ളസംഭരണ കേന്ദ്രത്തിൽ വാട്ടർ അതോറിട്ടി അറ്റകുറ്റപ്പണികൾ ആരംഭിച്ചു.ആയിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന സംഭരണ കേന്ദ്രം കാടുകയറി നശിക്കുന്നതായും ജല വിതരണം ഒട്ടും സുരക്ഷിതമല്ലാത്ത നിലയിലാണന്നും കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വാട്ടർ അതോറിട്ടി അസി: എൻജിനീയർ ഇടപെട്ട് സംഭരണ കേന്ദ്രത്തിനു മുകളിലെ സുരക്ഷാ ഭീഷണിയുയർത്തിയ വലിയ രണ്ട് വിടവുകൾ കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടച്ചു . നാട്ടുകാർ വർഷങ്ങളായിപരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നതാണ് ഇപ്പോൾ ശരിയാക്കിയിരിക്കുന്നത്. ഉടൻതന്നെ സംഭരണ കേന്ദ്രത്തിനു ചുറ്റുമുള്ള കാട് വൃത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിട്ടി അസി: എൻജിനീയർ പറഞ്ഞു. പള്ളിക്കൽ പഞ്ചായത്തിലെ പുള്ളിപ്പാറ മലയിലെ ജല അതോറിട്ടിയുടെ സംഭരണ കേന്ദ്രമാണിത്. ചിരണിക്കൽ നിന്നെത്തുന്ന ജലം മലമുകളിലുള്ള കേന്ദ്രത്തിൽ സംഭരിച്ചതിന് ശേഷം അവിടെ നിന്നാണ് പുള്ളിപ്പാറമലയിലെ സംഭരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്. ഇവിടെനിന്നാണ് കൊല്ലോട്ട് കോളനി, തെങ്ങിനാൽ, കോട്ടപ്പുറം , ഉള്ളൂർ മുകൾ കോളനി, തെന്നാ പറമ്പ്, പാറക്കൂട്ടം, കാഞ്ഞിരപ്പാറ, ഇളംപളളിൽ പുത്തൻ ചന്ത, എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. സംഭരണ കേന്ദ്രത്തിന് നാലുവശവും മതിൽ കെട്ടിത്തിരിച്ച് ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. സംഭരണ കേന്ദ്രത്തിന്റെ മുകളിലെ കോൺക്രീറ്റിൽ രണ്ടടി നീളത്തിലും വീതിയിലും രണ്ട് ഭാഗത്തായാണ് വലിയ വിടവുകളുണ്ടായിരുന്നത്. വായു സഞ്ചാരത്തിനെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഇതിന് അടപ്പില്ലാത്തതിനാൽ വെള്ളത്തിലേക്ക് മാലിന്യങ്ങൾ വീണ് ഇഴജന്തുക്കളും മറ്റും ചത്ത് ഇതിനുള്ളിൽ വീഴാൻ സാദ്ധ്യത ഏറെയായിരുന്നു. കോൺ ക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടച്ചതിനാൽ വലിയ ആശങ്കയ്ക്ക് പരിഹാരമായതായി പ്രദേശവാസികൾ പറഞ്ഞു.