മല്ലപ്പള്ളി : മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർ അവ സ്വമേധയാ മാറ്റുന്നതിനുള്ള അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി താലൂക്ക് സ്‌പ്ലെ ഓഫീസർ ആർ. അഭിമന്യു അറിയിച്ചു. അവസാന തീയതി ജൂൺ 30 വരെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും 15 ദിവസത്തെ ഇളവ് അനുവദിച്ചിരിക്കുന്നത് കൊവിഡിന്റെ പശ്ചാത്തലത്തിലാണ്. പിഴയോ ശിക്ഷയോ ഇല്ലാതെ മുൻഗണന കാർഡുകളായ എ.വൈ, പി.എച്ച്.എച്ച് (പിങ്ക്, മഞ്ഞ) അവസാന ദിവസത്തിന് മുമ്പ് കാർഡുകൾ മാറ്റിയെടുക്കാത്തവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാകും. അനധികൃതമായി കാർഡുകൾ കൈവശം വച്ചിരിക്കുന്നവർ അത് പൊതുവിഭാഗത്തിലേക്ക് മാറ്റുമ്പോൾ മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടവും നടത്തിയ പ്രശ്‌നപരിഹാര അദാലത്തിലൂടെ അർഹതാ പട്ടികയിൽ പുതുതായി ഇടംനേടിയവർക്ക് അതിന്റെ ഗുണഫലം ലഭിക്കും. ജില്ലയിൽ ഏറ്റവും കുറവ് റേഷൻ കാർഡുള്ള താലൂക്കാണ് മല്ലപ്പള്ളി. ഇവിടെ ഇന്നലെ വൈകുന്നേരംവരെ ലഭിച്ച അപേക്ഷകളുടെ എണ്ണം (എ.എ.വൈ-84), (പി.എച്ച്.എച്ച്-328) 412 ആണ്. ജൂലായ് 16 മുതൽ കാർഡ് മാറ്റാത്തവരെ കണ്ടെത്താൻ പരിശോധനകൾ ആരംഭിക്കാനും ഇത്തരക്കാരുടെ റേഷൻ കാർഡ് സ്ഥിരമായി റദ്ദ് ചെയ്യാനും മുൻഗണന കാർഡുകൾ കൈവശം വച്ച് അനർഹമായി വാങ്ങുന്ന ഓരോ കിലോഗ്രാം ഭക്ഷ്യ ധാന്യവും ഏത് ദിവസം മുതലാണോ അനർഹമായി വാങ്ങിക്കൊണ്ടിരുന്നത് അന്നു മുതലുള്ള അതിന്റെ വിപണി വില പിഴയായി ഈടാക്കാനും പൊതുവിതരണ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മുൻഗണാനാ കാർഡുകൾ കൈവശം വച്ചിരിക്കുന്ന സർക്കാർ / അർദ്ധ സർക്കാർ / പൊതുമേഖലാ / സഹകരണ മേഖല ഉദ്യോഗസ്ഥർ, പെൻഷണർ, ആദായ നികുതി അടയ്ക്കുന്നവർ, മാസം 25000 രൂപയിലധികം വരുമാനം, ആയിരം ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, ഏക ഉപജീവന മാർഗമായ ടാക്‌സി ഒഴികെയുള്ള നാലു ചക്ര വാഹനം എന്നിവ ഉള്ളവർക്കെതിരെ ക്രിമിനൽ നടപടി ആരംഭിക്കുമെന്നും സൂചനയുണ്ട്. മുൻഗണനാ കാർഡുകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫിസിലെ 0469 2782374, 9188527351 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാം.