കോന്നി: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമല്ലാതിരുന്ന രണ്ട് അംഗങ്ങളെ സി.പി.എം കോന്നി ലോക്കൽ കമ്മി​റ്റിയിൽ നിന്ന് ഒഴിവാക്കി. മാരൂർപാലം ബ്രാഞ്ച് സെക്രട്ടറി പി.എൻ.സന്തോഷ് കുമാർ, വട്ടക്കാവിൽ നിന്നുള്ള മഹിളാ അസോസിയേഷൻ ഭാരവാഹിയായ മല്ലിക സോമൻ എന്നിവരെയാണ് സംസ്ഥാന കമ്മി​റ്റിയംഗം ആർ.ഉണ്ണികൃഷ്ണപിള്ളയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ലോക്കൽ കമ്മി​റ്റി ഒഴിവാക്കിയത്..
ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ മാസം ചേർന്ന ലോക്കൽ കമ്മി​റ്റിയിലാണ് വിശദീകരണം ആവശ്യപ്പെട്ടത് . തുടർന്ന് ചേർന്ന കമ്മി​റ്റിയിലാണ് ഒഴിവാക്കാൻ തീരുമാനമുണ്ടായത്. അന്ന് ലോക്കൽ കമ്മി​റ്റിയംഗം സതീഷ് മാത്രമാണ് ഇരുവരെയും പിന്തുണയ്ക്കാൻ ശ്രമിച്ചത്. നടപടി ഒന്നുകൂടി പരിശോധിച്ച ശേഷം മതിയെന്ന നിർദ്ദേശം നേതൃത്വം അംഗീകരിച്ചില്ല.

തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ ബൂത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത് സന്തോഷായിരുന്നു. മല്ലികാ സോമൻ വട്ടക്കാവ് ബ്രാഞ്ച് സെക്രട്ടറിയും, ലോക്കൽ കമ്മി​റ്റിയംഗവുമായിരുന്നു. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്ന് മാ​റ്റിയ ശേഷമാണ് ലോക്കൽ കമ്മി​റ്റിയിൽ നിന്ന് ഒഴിവാക്കിയത്.ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 15ാം വാർഡിൽ മത്സരിക്കാൻ താൽപര്യമുണ്ടായിരുന്ന മല്ലികയെ ഒഴിവാക്കി ലോക്കൽ കമ്മി​റ്റിയംഗം ലൈജു വർഗീസിനെയാണ് ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. ലൈജു പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മല്ലിക വീഴ്ച വരുത്തിയതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി .