christy
ക്രിസ്റ്റി സാൻ‌ഡ് ആർട്ടിനിടെ

പത്തനംതിട്ട : നെഹ്റു മുതൽ നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിമാരുടെ ചിത്രം സാൻഡ് ആർട്ടിൽ 53 മിനിറ്റ് കൊണ്ടുവരച്ച് ശ്രദ്ധനേടുകയാണ് വൈദിക വിദ്യാർത്ഥി ഡീക്കൻ ക്രിസ്റ്റി വലിയ വീട്ടിൽ (29). ഏഷ്യാ ബുക്ക് ഒഫ് റെക്കാഡിലും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലും ക്രിസ്റ്റി ഇടംനേടിയിട്ടുണ്ട്. തുടക്കത്തിൽ ഒരു ചിത്രം വരയ്ക്കാൻ മുപ്പത് മിനിറ്റ് വേണമായിരുന്നു. നിരന്തരമുള്ള പരിശീലനമാണ് വേഗത്തിൽ സാൻഡ് ആർട്ട് ചെയ്യാൻ സഹായിച്ചത്. യൂട്യൂബിലൂടെയാണ് മണ്ണിലെ വരയിൽ പരിശീലനം നേടിയത്. ആദ്യം റവയിലും മൈദയിലും വരച്ചെങ്കിലും ചിത്രം ശരിയാകാതെ വന്നപ്പോൾ എം സാൻഡിൽ പരീക്ഷണം നടത്തുകയായിരുന്നു. തെർമോക്കോൾ ഉപയോഗിച്ച് ലൈറ്റ് ബോക്സും ക്രിസ്റ്റി ഉണ്ടാക്കി. ചിത്രരചനയിൽ ചെറുപ്പം മുതൽ താത്പര്യം ഉണ്ടെങ്കിലും സാൻഡ് ആർട്ട് ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് വർഷമേ ആകുന്നുള്ളു.

2019ൽ ആതുര സേവനകേന്ദ്രമായ വെല്ലൂർ സ്നേഹഭവനിലെ ഡയറക്ടറായ ഫാ.ജോബി ജോർജിന്റെ സാൻഡ് ആർട്ട് ചെയ്താണ് തുടക്കം. 2020 ലോക്ക് ഡൗണിൽ ക്രിസ്റ്റി വരച്ച ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ ചിത്രം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (എെ.സി.സി) മലയാളി ഫോളോവേഴ്സിന് സമർപ്പിച്ച് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചത് വൈറലായിരുന്നു. ഓർത്തഡോക്സ് സഭയുടെ കോട്ടയം പഴയ സെമിനാരിയിൽ നാലാം വർഷ വൈദിക വിദ്യാർത്ഥിയാണ് ക്രിസ്റ്റി. പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് നിഥീഷ് ഭാരതിയുടെ പ്രകടനമാണ് സാൻഡ് ആർട്ടിലേക്കെത്താൻ പ്രേരണയായത്. 99 ക്രൈം ഡയറി എന്ന മലയാള സിനിമയുടെ പോസ്റ്റർ സാൻഡ് ആർട്ടിലൂടെ വരച്ചതും ക്രിസ്റ്റിയാണ്. കോഴഞ്ചേരി വലിയ വീട്ടിൽ ജോർജ് വർഗീസിന്റെയും ഏലിയാമ്മയുടെയും മകനാണ്.