തിരുവല്ല: ഭരണാനുമതി ലഭിച്ചിട്ടും തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് വികസന പദ്ധതി അനന്തമായി നീളുകയാണ്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 81.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയാണ് ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. 19.3 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസനത്തിന് ആറേക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി 10.70 കോടി രൂപ സംസ്ഥാന സർക്കാർ റവന്യൂ വകുപ്പിന് കൈമാറിയിട്ട് നാളേറെയായി. സർവേ പ്ലാനും മഹസറും തയ്യാറാക്കി സമാന വസ്തുവിന്റെ വിലപ്രകാരം നിരക്ക് നിർണയിച്ച് അനുവദിക്കാവുന്ന തുകയ്ക്ക് ജില്ലാ, സംസ്ഥാന സമിതികൾ അനുമതിയും നൽകേണ്ടതാണ്. സാമൂഹിക ആഘാത പഠനം പൂർത്തിയാക്കി വിദഗ്‌ധ സമിതി അംഗീകരിച്ചശേഷം സ്ഥലം റവന്യൂ വകുപ്പ് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണം. പിന്നീടാണ് ടെൻഡർ നടപടികളിലേക്ക് കടക്കാനാവുക. പഠനം നടത്തുന്ന കളമശേരി രാജഗിരി കോളേജ് സംഘം തിരുവല്ല, പായിപ്പാട്, മല്ലപ്പള്ളി എന്നിവിടങ്ങളിലെ കച്ചവടക്കാരുടെയും മറ്റും പരാതികൾ സ്വീകരിച്ചെങ്കിലും അവസാന റിപ്പോർട്ട് നൽകിയിട്ടില്ല.

സ്വപ്‌നമായി 12 മീറ്റർ റോഡ്


തിരുവല്ല മുതൽ ചേലക്കൊമ്പ് വരെ ബി.എം.ആൻഡ് ബി.സി. നിലവാരത്തിലാണ് റോഡ് പൂർത്തിയാകേണ്ടത്. 12 മീറ്റർ വീതിയിൽ റോഡും ഒൻപത് മീറ്റർ വീതിയിൽ ടാറിംഗുമാണ് ലക്ഷ്യമിടുന്നത്. കുറ്റപ്പുഴ വില്ലേജ് പരിധിയിൽ നിന്നും 224 സെൻറും പായിപ്പാട് നിന്നും 57 സെന്റും കുന്നന്താനത്ത് നിന്ന് 155 സെൻറും കല്ലൂപ്പാറയിൽ നിന്നും 178 സെന്റും മല്ലപ്പള്ളിയിൽ നിന്നും 46 സെന്റും ആനിക്കാട് നിന്ന് 39 സെൻറും ഭൂമിയാണ് റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്നത്. ആറ് പഞ്ചായത്തിൽ നിന്നുമായി ആറേക്കർ സ്ഥലം ഏറ്റെടുക്കാൻ 10.70 കോടി രൂപ കൈമാറിയിട്ട് നാളേറെയായെങ്കിലും പ്രവർത്തനങ്ങളെല്ലാം കൊവിഡിൽ മുടങ്ങി. റോഡിന് ആവശ്യമുള്ള സ്ഥലം കേരള റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കമ്പനി (റിക്ക്) അടയാളപ്പെടുത്തി അതിരുകല്ലുകൾ ഇട്ടിരുന്നു. ഇവയുടെ ഉടമസ്ഥരുടെ വിവരങ്ങൾ ശേഖരിച്ച് വസ്തു അളക്കുന്ന ജോലി 2020 ഒക്ടോബറിൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്നു. പിന്നീട് കൊവിഡും ലോക്ക്ഡൗണും കാരണം സർവേ ജോലികൾ നീണ്ടുപോയി.

രാജഗിരി കോളേജിന്റെ പഠന റിപ്പോർട്ട് ലഭിക്കാനുണ്ട്. അതിനുശേഷം തുടർ നടപടികൾ ആരംഭിക്കും.
മാത്യു ടി.തോമസ്

(എം.എൽ.എ)

- 81.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി

-------------------

റോഡ് നവീകരണത്തിന് പ്രധാന തടസം

തിരുവല്ല - ചേലക്കൊമ്പ് ഭാഗത്തെ സ്ഥലമെടുപ്പ് പൂർത്തിയാകാത്തത്

-------------------