തിരുവല്ല: നഗരസഭയിൽ വീണ്ടും വഴിയോര കച്ചവട സർവേ നടത്താൻ തീരുമാനം. 12, 13 തീയതികളിൽ രണ്ടുമുതൽ 6.30 വരെയാണ് സർവേ നടത്തുക. 39 വാർഡുകളിൽനിന്ന്‌ സമയബന്ധിതമായി വിവരങ്ങൾ ശേഖരിക്കുന്നതിന് ഓരോ ജീവനക്കാർക്കും വാർഡ് അടിസ്ഥാനത്തിൽ ചുമതല നൽകിയിട്ടുണ്ട്. കുടുംബശ്രീ സംസ്ഥാന മിഷനിൽനിന്നുള്ള പ്രത്യേക ഫോമിലാണ് വിവരം ശേഖരിക്കുന്നത്. ജീവനക്കാർ ഓരോ വാർഡിലും സന്ദർശനം നടത്തി നിലവിൽ കച്ചവടം നടത്തുന്നവരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കും. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവ കച്ചവടക്കാർ ഈ സമയം കൈയിൽ കരുതണം. ആധാർ കാർഡ് ഇല്ലാത്തവർ ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐ.ഡി. എന്നിവയിൽ ഏതെങ്കിലും ഒന്ന് കരുതണം. 2014 ലെ ദേശീയ വഴിയോര കച്ചവടനിയമം, 2015-ലെ കേരള തെരുവ് കച്ചവടച്ചട്ടം എന്നിവയുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തുന്നത്. വഴിയോര കച്ചവടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വഴിയോര കച്ചവടനിയമം, 2015ലെ കേരള തെരുവ് കച്ചവടച്ചട്ടം എന്നിവയുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തുന്നത്. വഴിയോര കച്ചവടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നഗരസഭാ സെക്രട്ടറി ചെയർമാനായും ഹെൽത്ത് സൂപ്പർവൈസർ കൺവീനറുമായുള്ള കച്ചവടസമിതി പ്രവർത്തിക്കുന്നുണ്ട്.

--------------

2017ൽ 194 പേരെ വഴിയോര കച്ചവടക്കാരായി അംഗീകരിക്കുകയും 134 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ഇവരിൽ ഭൂരിപക്ഷംപേരും ഇന്ന് കച്ചവടരംഗത്തില്ല. പുതിയ ആളുകൾ കടന്നുവരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വീണ്ടും സർവേ നടത്താൻ നഗരസഭ തീരുമാനിച്ചത്.

ബിന്ദു ജയകുമാർ

നഗരസഭാ അദ്ധ്യക്ഷ

------------------

- 12, 13 തീയതികളിൽ - ഉച്ചക്ക് 2 മുതൽ 6.30 വരെ സർവേ

- കച്ചവടക്കാർ ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കരുതണം

-2017 ലാണ് ആദ്യമായി സർവേ നടത്തിയത്