rr

പത്തനംതിട്ട : കൊവിഡിനൊപ്പം സിക്ക വൈറസ് ആശങ്ക കൂടി എത്തിയെങ്കിലും ജില്ലയിൽ അപകട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. സിക്ക വൈറസ് പരിശോധിക്കാനാവശ്യമായ എല്ലാ നടപടികളും പൂർത്തിയായിക്കഴിഞ്ഞു. പനി ബാധിതരുടെയും സിക്ക വൈറസ് സംശയം തോന്നുന്നവരുടെയും രക്തം പരിശോധിക്കും. ആദ്യഘട്ടമായി സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബിലാണ് പരിശോധന നടത്തുന്നത്. കോഴഞ്ചേരി റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിക്കാനുള്ള സൗകര്യവും ഉടനെ ക്രമീകരിക്കും. ഡെങ്കിപ്പനി പോലെതന്നെ ഈഡീസ് കൊതുകുകളിൽ നിന്നാണ് രോഗം പകരുന്നത്.

വില്ലനാകും വീട്ടിലെ ചെടികൾ

വീടിനുള്ളിൽ വളർത്തുന്ന മണി പ്ലാന്റ് പോലുള്ള ചെടികൾ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇതിനുള്ളിൽ ഈഡീസ് കൊതുകുകൾ വളരാൻ സാദ്ധ്യത വളരെ കൂടുതലാണ്. വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് കൊതുകളെ ഇല്ലാതാക്കാനുള്ള ആദ്യത്തെ പ്രതിരോധം. വെള്ളക്കെട്ടുകളുള്ളയിടങ്ങളിൽ മാത്രമല്ല ജില്ലയിലെ എല്ലാ സ്ഥലത്തും ഈഡീസ് കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. കുറ്റൂർ, ചാത്തങ്കരി, വെച്ചൂച്ചിറ, ഇലന്തൂർ എന്നിവിടങ്ങളിൽ ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലടക്കം വൈറസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

"സിക്കവൈറസിനെതിരെ ജാഗ്രത പുലർത്തണം. എന്നാൽ പേടിക്കേണ്ട ആവശ്യമില്ല. ഗർഭിണികൾ രോഗം പിടിപെടാതെ സൂക്ഷിക്കണം. വീടിനകത്തുള്ള ചെടികൾ ഒഴിവാക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. ഡ്രൈഡേ കൃത്യമായി ആചരിക്കണം. "

ഡോ. എ.എൽ ഷീജ

" നാല് മാസമായ ഗർഭിണികളിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചാൽ കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്. കഴിഞ്ഞ ദിവസം സിക്ക സ്ഥിരീകരിച്ച യുവതിയും കു‌ഞ്ഞും സുഖമായി ഇരിക്കുന്നുണ്ട്. ഈഡിസ് കൊതുകുകൾ പെരുകുന്നത് തടയണം. ഉറവിട നശീകരണം നടത്താനുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് നടപ്പാക്കും. "

മന്ത്രി വീണാജോർജ്

45 വയസിന് മുകളിലുള്ളവർക്കും വാക്സിൻ

പത്തനംതിട്ട: 45 വയസിന് മുകളിലുള്ള എല്ലാവർക്കും അടുത്ത മൂന്നു മാസത്തിനുള്ളിൽ വാക്‌സിനേഷൻ പൂർത്തീകരിക്കുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. പത്തനംതിട്ട പ്രസ്‌ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
രണ്ട് ഡോസ് വാക്‌സിനും ഈ പ്രായക്കാർക്ക് എത്രയും വേഗം ഉറപ്പാക്കുകയാണ് ലക്ഷ്യം. വാക്‌സിൻ ലഭ്യതയിലെ കുറവാണ് ഈ രംഗത്ത് സംസ്ഥാനം നേരിടുന്ന പ്രതിസന്ധി. പ്രതിദിനം 2.5 ലക്ഷത്തിനും മൂന്നുലക്ഷത്തിനുമിടയിൽ വാക്‌സിൻ നൽകാനുള്ള ക്രമീകരണം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

ഇന്നലെ 420 പേർക്ക് കൊവിഡ്

ജില്ലയിൽ ഇന്നലെ 420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 420 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.