പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിൽ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട പ്രസ്‌ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിലേക്ക് ജില്ലയ്ക്ക് ആവശ്യമായ പദ്ധതികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോന്നി സർക്കാർ മെഡിക്കൽ കോളേജ് എത്രയും വേഗം പൂർണമായി പ്രവർത്തനമാരംഭിക്കും. മെഡിക്കൽ കോളേജിൽ ക്ലാസുകൾ ആരംഭിക്കുന്നതിലേക്കാവശ്യമായ നടപടികളും തുടങ്ങിയിട്ടുണ്ട്. കോഴഞ്ചേരിജില്ലാ ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 30 കോടിയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുതിയ ബ്ലോക്ക് നിർമ്മാണത്തിന് നടപടികളായിട്ടുണ്ട്. ബഡ്ജറ്റിൽ നാലുകോടി രൂപയായിരുന്നു പദ്ധതിക്കു നീക്കിവച്ചതെങ്കിൽ ഇത് 10 കോടി രൂപയായി ഉയർത്താൻ തീരുമാനമായിട്ടുണ്ട്. തിരുവല്ല, റാന്നി, കോന്നി താലൂക്ക് ആശുപത്രികളിലേക്കും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടൂർ ജനറൽ ആശുപത്രി വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കാൻ നടപടികളാരംഭിച്ചതായും മന്ത്രി പറഞ്ഞു. കോഴഞ്ചേരിയിലെ പുതിയ പാലത്തിന്റെ പണികൾ എട്ടുമാസം കൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അബാൻ മേൽപാലത്തിന്റെ ആദ്യഘട്ട ടെൻഡർ കഴിഞ്ഞു. ഒരാൾ മാത്രമാണ് ടെൻഡർ നൽകിയത്. സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ വീണ്ടും ടെൻഡർ വിളിക്കേണ്ടിവരും. ജില്ലാ സ്‌റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും കിഫ്ബിയിലേക്കു സമർപ്പിച്ചിട്ടുണ്ട്. കുടിവെള്ളം , മണ്ഡലത്തിലെ പാലങ്ങൾ, റോഡുകൾ, സ്‌കൂൾ വികസനം , സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്ക് മുൻതൂക്കം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ, വൈസ് പ്രസിഡന്റ് ജി. വിശാഖൻ എന്നിവർ സംസാരിച്ചു.