പന്തളം: പന്തളത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന് എസ്.ഡി.പി.ഐ അവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അധികൃതർക്ക് നിവേദനം നല്കുമെന്ന് പന്തളം മേഖലാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പന്തളം ടൗൺഷിപ്പ് പ്ലാൻ പുന:പരിശോധിക്കണം. പന്തളം കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ സബ് ഡിപ്പോ ആയി ഉയർത്തണം. പന്തളം കുടുംബാരോഗ്യകേന്ദ്രം ജനറൽ ആശുപത്രിയായി ഉയർത്തി 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം. 20 വർഷം മുമ്പനുവദിച്ച ഫയർ സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കണം. ഗതാഗതക്കുരുക്കിനു ശാശ്വതമായ പരിഹാരം കാണണം. നിലവിലുള്ള നഗരസഭാ സ്റ്റേഡിയം നവീകരിക്കണം. മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി നഗരസഭ സ്ഥലം കണ്ടെത്തി നല്കണം. സർക്കാർ സ്ഥലങ്ങൾ കൈയേറിയിരിക്കുന്നതു കണ്ടെത്തി ഒഴിപ്പിച്ചെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഓട്ടോറിക്ഷ, ടാക്‌സി എന്നിവകൾക്കു ടോക്കൺ സംവിധാനം ഏർപ്പെടുത്തണം. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു വേണ്ട സൗകര്യം അടിയന്തരമായി ഒരുക്കണം. മുട്ടാർ നീർച്ചാൽ മാലിന്യമുക്തമാക്കി നവീകരിക്കുന്നതിന് സമിതിയുണ്ടാക്കി എത്രയും പെട്ടെന്നു നടപ്പാക്കണം. മേഖലാ പ്രസിഡന്റ് മുജീബ് ചേരിക്കൽ, വൈസ് പ്രസിഡന്റ് കരീം സുലൈമാൻ, സെക്രട്ടറി അൻസാരി മുട്ടാർ, ജോ. സെക്രട്ടറി ഷൈജു ഉളമ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.