kstrc-ranni
റാന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിനോടനുബന്ധിച്ചുള്ള ബസ് സ്റ്റേഷൻ

റാന്നി: കെ.എസ്.ആർ.ടി.സി ബസ് ഓപ്പറേറ്റിംഗ് സെന്റർ സബ് ഡിപ്പോയായി ഉയർത്തണമെന്ന ആവശ്യത്തിൻമേൽ ഉടൻ റിപ്പോർട്ടു തേടി നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജുവിന്റെ ഉറപ്പ്. കാര്യം നടപ്പിലായാൽ ജില്ലയുടെ കിഴക്കൻ മേഖലയിലെ യാത്രാ ക്ലേശത്തിന് ഏറെ പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിൽ നാട്. ഏറെ കൊട്ടിഘോഷിച്ച് 2013 ഫെബ്രുവരി 20 നാണ് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ റാന്നിയിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇന്നേവരെ സ്ഥാപനത്തിന് ഒരു പുരോഗതിയും ഉണ്ടായില്ല. പുരോഗതിയും വികസവും ലക്ഷ്യമാക്കി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് മൂന്ന് ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സിക്കു വേണ്ടി അക്വയർ ചെയ്തു കൊടുത്തിരുന്നു. ബസ് സ്റ്റാൻഡിനോടു ചേർന്ന് ശബരിമല ഇടത്താവളത്തിന്റെ പണിയും ആരംഭിച്ചതാണ്. എന്നാൽ ഇതെല്ലാം ഇപ്പോൾ മുടങ്ങിപ്പോയ അവസ്ഥയിലാണ്. ശബരിമലയുടെ പ്രാധാന്യവും കിഴക്കൻ പ്രദേശത്തിന്റെ പുരോഗതിയും കണക്കിലെടുത്ത് ഇത് എ.ടിഎ ഓഫീസായി ( സബ് ഡിപ്പോ ) ഉയർത്തണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഏബ്രഹാം കുളമട, ജില്ലാ പ്രസിഡന്റ് രാജു നെടുവം പുറം, സെക്രട്ടേറിയറ്റംഗം തോമസ് പല്ലംപള്ളിൽ എന്നിവർ ചേർന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകിയത്.