കോഴഞ്ചേരി : തിരുവാഭരണ പാതയുമായി ബന്ധപ്പെട്ട് ആറന്മുള പഞ്ചായത്തിൽ സർവേ പ്രകാരം സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് പുനരാലോചന വേണമെന്ന ആവശ്യം ശക്തമാകുന്നു. പാത ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസിൽ കക്ഷി ചേരാൻ ആറന്മുള പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തു. കഴിഞ്ഞ 6 പതിറ്റാണ്ടിലേറെയായി തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന പരമ്പരാഗത പാത ഒഴിവാക്കിയാണ് ചെല ഭാഗങ്ങളിൽ സർവേ പ്രകാരം പുതിയ പാത കണ്ടെത്തിയിരിക്കുന്നതെന്നാണ് ആരോപണം. പുതിയ തലമുറയിൽ പെട്ടവർക്ക് ഈ പുതിയ പാതയെക്കുറിച്ച് അറിവില്ലെന്നാണ് പറയുന്നത്. പാത വന്നാൽ പഞ്ചായത്തിലെ അനവധി കുടുംബങ്ങൾക്ക് വീടും സ്ഥലങ്ങളും നഷ്ടമാകും. ഈ സാഹചര്യത്തിലാണ് സർവേ പ്രകാരം നിശ്ചയിച്ചിട്ടുള്ള പാത തുറക്കുന്നതിന് സാവകാശം വേണമെന്നാവശ്യപ്പെട്ട് കേസിൽ കക്ഷി ചേരാൻ പഞ്ചായത്ത് തീരുമാനമെടുത്തത്. പഞ്ചായത്ത് ആറാം വാർഡിലെ ഐക്കരമലമോടി- അയ്യൻ കോയിക്കൽ പടി റോഡിന്റെ വശങ്ങളിലുള്ള വീടുകളും കൃഷിയിടങ്ങളുമാണ് കൂടുതലും നഷ്ടമാകുന്നതെന്നാണ് പരാതി. നെടിയകാലായിൽ രമണൻ, പ്രഭാകരൻ, ഉണ്ണികൃഷ്ണൻ, രാജൻ എന്നിവരുടെ വീടും സ്ഥലവും പൂർണമായും നഷ്ടപ്പെടുമെന്ന് വീട്ടുകാർ തന്നെ പറയുന്നു. പട്ടികജാതി വികസന വകുപ്പ് നിർമ്മിച്ചു നൽകിയ വീടുകളാണ് ഇവരുടേത്. വീട് ഒഴിയണമെന്ന് കാട്ടി പഞ്ചായത്തിൽ നിന്ന് ഇവർക്ക് നോട്ടീസും ലഭിച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നോട്ടിസ് നൽകിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
' തിരുവാഭരണ പാത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരിൽ സ്ഥലവും വീടും നഷ്ടപ്പെടുന്ന സാഹചര്യം സംബന്ധിച്ച് പുന:പരിശോധന ആവശ്യമാണ്. നിലവിലുള്ള കേസിൽ അമിക്കസ് ക്യൂറിയെ നിയമിക്കാൻ കോടതിയോട് ആവശ്യപ്പെടാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.
( ഷീജാ ടി. ടോജി, പ്രസിഡന്റ്
ആറന്മുള പഞ്ചായത്ത്)