റാന്നി : ജില്ലയിലെ ചാലക്കയം ,പ്ലാപ്പള്ളി , ളാഹ ,മഞ്ഞതോട് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപെട്ട പട്ടികവർഗ കുടുംബങ്ങളുടെ വനാവകാശ രേഖകൾ ആറു മാസത്തിനുളിൽ പൂർത്തിയാക്കി നൽകുമെന്ന് ജില്ലാ കളക്ടർ ഡോ.നരസിഹുഗാരി തേജ് ലോഹിത് റെഡ്ഢി പറഞ്ഞു .ചാലക്കയം ,പ്ലാപ്പള്ളി ,ളാഹ,മഞ്ഞതോട് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽ പെട്ട പട്ടികവർഗ കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് ളാഹ രാജാമ്പാറ ഫോറസ്റ്റ് ഓഫീസിൽ ചേർന്ന ഊരുകൂട്ടത്തിൽ പങ്കെടുക്കുകയായിരുന്നു കളക്ടർ. മഞ്ഞതോടു കേന്ദ്രീകരിച്ചു ഫോറസ്റ്റ് കമ്മിറ്റി ചേർന്ന് മഞ്ഞതോട്ടിൽ താമസിക്കാൻ സന്നദ്ധരായവരുടെ അപേക്ഷകൾ സ്വീകരിച്ച് സബ് ഡിവിഷണൽ ലെവൽ കമ്മിറ്റി മുൻപാകെ സമർപ്പിക്കാൻ യോഗത്തിൽ തീരുമാനമായി . നിലവിൽ ളാഹ മുതൽ പമ്പ വരെ 43 കുടുംബങ്ങളാണ് ആകെയുള്ളത് .പട്ടികവർഗ വിഭാഗത്തിലുള്ളവരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്താൻ കളക്ടർ റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റിനോട് നിർദേശിച്ചു . എല്ലാവരും തൊഴിലുറപ്പ് പദ്ധതിയിൽ പങ്കാളികളാകണമെന്ന് ജനങ്ങളോടും കളക്ടർ അഭ്യർത്ഥിച്ചു .ഡി .എഫ്.ഒ .പി.കെ.ജയകുമാർ ശർമ്മ ,ടി.ഡി.ഒ.എസ്.എസ്.സുധീർ,റാന്നി ആർ.ഒ.കെ.എസ്.മനോജ് ,പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, പഞ്ചായത്ത് അംഗം മഞ്ജു പ്രദീപ് , മഞ്ഞതോട് ഊര് മൂപ്പൻ രാജു എന്നിവർ പങ്കെടുത്തു.