പത്തനംതിട്ട: കോന്നി ഡി.എഫ്.ഒ ഓഫീസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ച് ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരുന്നതിനെ തുടർന്ന് അപ്പീൽ നൽകി കാത്തിരുന്ന നൂറനാട് സ്വദേശി അജയനെ ഭീഷണിപ്പെടുത്തിയതായി പരാതി. ലഭിക്കുന്ന മറുപടി കവർ പൊട്ടിക്കാതെ തിരിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ഒാഫീസിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് അജയന്റെ പരാതിയിൽ പറയുന്നു.

ഓഫീസിൽ ഡ്രൈവർമാരെ താത്കാലികമായി നിയമിക്കുന്നതും സ്ഥിരപ്പെടുത്തുന്നതും സംബന്ധിച്ച കാര്യങ്ങളാണ് അജയൻ തേടിയിരുന്നത്. ഡ്രൈവർ കൂടിയായ അജയൻ ആവശ്യപ്പെട്ട വിവരം യഥാസമയം നൽകാതെ താമസിപ്പിച്ചു. ഇൗ വർഷം ജനുവരിയിലാണ് അപേക്ഷ നൽകിയത്.

ഭീഷണി വകവയ്ക്കാതിരുന്നതിനെ തുടർന്ന് കോന്നി ഡി.എഫ്.ഒ ഒാഫീസുമായി ബന്ധമുള്ള ചിലർ അജയന്റെ വീട്ടിലെത്തി. ഇവർ പറയുന്ന കാര്യങ്ങൾ എഴുതി ഒപ്പിട്ട് കൊടുക്കണമെന്നും ഇല്ലെങ്കിൽ വനം കേസുകളിൽ പ്രതിയാകേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് അജയൻ നൂറനാട് പൊലീസിൽ പരാതി നൽകി.

വിവരാവകാശ നിയമം അനുസരിച്ച് സമർപ്പിച്ച അപേക്ഷയിൽ, അപേക്ഷകന്റെ മേൽവിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ ഭീഷണിപ്പെടുത്താനെത്തിയവർക്ക് എങ്ങനെ ലഭിച്ചു എന്നത് ദുരൂഹതയുണ്ടാക്കുന്നു. മുഖ്യമന്ത്രി, വനം മന്ത്രി, മുഖ്യ വിവരാവകാശ കമ്മിഷണർ എന്നിവർക്കും പരാതി നൽകി.