മല്ലപ്പള്ളി: ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയായ യുവാവിനെ കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയിൽ കല്ലൂപ്പാറ തുരുത്തിക്കാട്ടെ ആൾത്താമസമില്ലാത്ത വീടിന് സമീപം കണ്ടെത്തിയ സംഭവത്തിൽ അഭ്യൂഹങ്ങളേറെ. ചെങ്ങന്നൂർ പാണ്ടനാട് പാണംതറ മാമ്പള്ളിൽ അജുതോമസിന്റെ മകൻ ജോർജ്ജി തോമസിന്റെ (23) മൃതദേഹമാണ് വ്യാഴാഴ്ച രാത്രി ഇവിടെ കണ്ടെത്തിയത്. പ്രഥമിക നിഗമനം ആത്മഹത്യയാണെങ്കിലും അതിന്റെ കാരണങ്ങളും അന്വേഷണ വിധേയമാക്കും. സാമ്പത്തിക ഭദ്രതയുള്ള വ്യാപാരികുടുംബാംഗത്തിന് കടബാദ്ധ്യത ഉണ്ടാകാനിടയില്ല. പരിചയക്കാർ ആരുമില്ലാത്ത സ്ഥലത്ത് ജോർജ്ജി എന്തിനെത്തിയെന്നതും സംശയമുണ്ടാക്കുന്നു. രാവിലെ 11 മുതൽ കാർ ഇവിടെ കിടക്കുകയായിരുന്നു. കാറിൽ ഇരുന്നും പലവട്ടം പുറത്തിറങ്ങിയും ജോർജ്ജി ഫോണിൽ സംസാരിക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. സമീപമുള്ള വീട്ടിലെ നിരീക്ഷണ കാമറ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകും. പെട്രോൾ കുപ്പി വീടിന് സമീപം കിടന്നിരുന്നു., കാറിനുള്ളിൽ ഉണ്ടായിരുന്ന കണ്ണട, മൊബൈൽ ഫോൺ തുടങ്ങിയവ തെളിവായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജോർജ്ജിയെ കൊലപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നവരുമുണ്ട്.