achankovilar

കോന്നി : അച്ചൻകോവിലാറ്റിലെ ജലനിരപ്പ് ഉയർന്നാലും വെള്ളപ്പൊക്ക ഭീഷണി മുൻകൂട്ടി അറിയാൻ കഴിയുമെന്ന ആശ്വാസത്തിലാണ് തീരവാസികൾ.

വനംവകുപ്പും അരുവാപ്പുലം ഗ്രാമപഞ്ചായത്തും സംയുക്തമായി സ്ഥാപിച്ചിരിക്കുന്ന മഴമാപിനികളും റിവർ സ്കെയിലുകളുമാണ് ജലനിരപ്പ് അറിയാൻ സഹായിക്കുന്നത്. ആര്യങ്കാവ്, അരുവാപ്പുലം, പിറവന്തൂർ ഗ്രാമപഞ്ചായത്തുകളിലായാണ് അച്ചൻകോവിലാറിന്റെ വൃഷ്ടി പ്രദേശങ്ങൾ വ്യാപിച്ചു കിടക്കുന്നത്.

കഴിഞ്ഞ വർഷം ഇതേപോലെ വനംവകുപ്പ് താൽകാലിക മഴമാപിനികളും റിവർ സ്‌കെയിലുകളും സ്ഥാപിച്ച് പരീക്ഷണ അടിസ്ഥാനത്തിൽ മഴയുടെ അളവും പ്രളയ സാദ്ധ്യതയും നിരീക്ഷിച്ചിരുന്നു. വെള്ളപ്പൊക്ക സാദ്ധ്യതകൾ മുൻകൂട്ടി അറിഞ്ഞ് കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

10 മഴമാപിനികൾ,

3 റിവർ സ്കെയിലുകൾ

ആദിവാസി ഊര് മുതൽ

ആവണിപ്പാറ മലപണ്ടാരം ആദിവാസി ഊരാണ് അച്ചൻകോവിലാറിന്റെ തീരത്തുള്ള ജില്ലയിലെ ആദ്യ ഗ്രാമം. അച്ചൻകോവിൽ ഗ്രാമത്തിൽ നിന്ന് ആവണിപ്പാറ വരെയുള്ള ആറിന്റെ ദൂരം പത്ത് കിലോമീ​റ്ററാണ്. ആവണിപ്പാറയുടെ 1.415 കിലോമീ​റ്റർ കിഴക്കായി കല്ലാർ അച്ചൻകോവിലാറുമായി സംഗമിക്കുന്നു. കൊല്ലം ജില്ലയിലെ തുറ, കടമ്പുപാറ,മണ്ണാറപ്പാറ, പാടം എന്നീ തോടുകൾ അച്ചൻകോവിലാ​റിൽ ഒഴുകിയെത്തുന്നുണ്ട്. ജില്ലയിലെ ചെമ്പേൽ, കരിപ്പാൻതോട്, പറയൻ തോട്, പാണൻ തോട്, കൊക്കാത്തോട്, നടുവത്തുമൂഴി, നെല്ലിക്കാപ്പാറ, കുമ്മണ്ണൂർ എന്നീ തോടുകളും അച്ചൻകോവിലാറിനെ സമൃദ്ധമാക്കുന്നു.

അച്ചൻകോവിലാറിലെ വെള്ളപ്പൊക്ക സാദ്ധ്യത മുൻകൂട്ടി അറിയാൻ കഴിയുന്നത് വലിയ ആശ്വാസമാണ്.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും മുൻകരുതൽ സ്വീകരിക്കാനും കഴിയും.

രഘുനാഥൻ, ആവണിപ്പാറ