റാന്നി: ഇട്ടിയപ്പാറ, ടൗണിൽ, സംസ്ഥാന പാതയുടെ നിർമ്മാണം കാരണം കടക്കുള്ളിൽ കയറുവാൻ പറ്റുന്നില്ലെന്ന് വ്യാപാരികൾ. റാന്നി- ഇട്ടിയപ്പാറ ബസ്റ്റാന്റിന്റെ എതിർ ഭാഗത്തെ പത്തോളം കടമുറികളിൽ കയറാൻ പറ്റാത്തതെന്നാണ് പരാതി. കടയുടെ ഷട്ടർ തുറക്കാനാവാതെ റോഡിന്റെ ഓടയുടെ ഒരു ഭാഗം പണിതന്നാണ് കച്ചവടക്കാരുടെ ആരോപണം. റോഡ് പണിത് വന്നപ്പോൾ നാല് അടിയോളം താഴ്ചയിലായി കടകളുടെ മുൻ ഭാഗം, എന്നാൽ കടയുടെ ഷട്ടർ തുറക്കാൻ പറ്റും വിധമേ പണികൾ നടത്തുകയുള്ളൂയെന്ന് കരുതിയ വ്യാപാരികൾക്ക് ശനിയാഴ്ച രാവിലെ കടക്കുള്ളിൽ കയറുവാൻ ഷട്ടർ ഉയർത്താൻ പറ്റാത്ത തരത്തിൽ പണികൾ ചെയ്യുകയായിരുന്നു. കഴിഞ്ഞ അൻപതിലധികം വർഷങ്ങൾക്ക് മുൻപ് പണിത, പഴയ ബിൽഡിംഗ് ആയതിനാൽ പല കച്ചവടക്കാരും അന്നു മുതൽ സ്ഥിരം വ്യാപാരികളും പിൻതലമുറക്കാരുമാണ്. കടകൾ തുറക്കാത്തവസ്ഥയിൽ റോഡ് വികസിപ്പിച്ചതിന്റെ 25 മീറ്റർ ദൂരത്തിലുള്ള കെട്ടിടത്തിന്റെ അകത്ത് അളന്ന്കല്ലിട്ടത് പിന്നീട് മാറ്റി കടയുടെ പുറത്താക്കി കൊടുത്ത ഉദ്യോഗസ്ഥരാണ് ഇതിനടുത്ത് ഇത്തരത്തിൽ പ്രവർത്തിച്ചതന്ന് വ്യാപാരികൾ പറയുന്നു. ഒരു റോഡിൽ 30 മീറ്റർ വ്യത്യാസത്തിൽ രണ്ടു നീതി നടപ്പാക്കിയതായാണ് ഇവർ പറയുന്നത്. സംസ്ഥാന പാതയുടെ നിർമ്മാണത്തിൽ ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിരുന്നു. സ്വാധീനം ചെലുത്തുന്നവർക്ക് വേണ്ടി റോഡ് മാറ്റി കൊടുത്തും, റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗം പൊളിക്കാതെയും പലയിടത്തും ഉണ്ട്. റോഡിന്റെ അളവ് നടന്നപ്പോൾ സമ്മർദ്ധം ചെലുത്തിയവരെ മാത്രം ഒഴിവാക്കി അല്ലാത്തവർക്ക് നാശം ഉണ്ടാക്കിയതായും ഒരു വിഭാഗം വ്യാപാരികൾ ആക്ഷേപം ഉന്നയിക്കുന്നു.