കോഴഞ്ചേരി : ബ്രോയിലർ ചിക്കൻ ന്യായമായ നിരക്കിൽ വിപണിയിലെത്തിക്കുന്ന കുടുംബശ്രീയുടെ 'കേരള ചിക്കൻ' ജില്ലയിലേക്കും. സെപ്തംബർ, ഒക്ടോബർ മാസത്തോടെ കുടുംബശ്രീയുടെ ഫാമുകളും ചിക്കൻ കടകളും പ്രവർത്തിച്ചുതുടങ്ങും.

ഇതിനായി ജില്ലയിൽ 48 ബ്രോയിലർ കർഷക യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി. പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രൊഡ്യൂസർ കമ്പനി കർഷകരിൽ നിന്ന് 600 രൂപയുടെ ഓരോ ഷെയറുകളും സ്വീകരിച്ചിട്ടുണ്ട്. പദ്ധതി പ്രാവർത്തികമാകുമ്പോൾ ഫാമുകളും ഔട്ട്ലെറ്റുകളും ആരംഭിക്കുന്നതിന് ഈ യൂണിറ്റുകൾക്ക് പ്രഥമ പരിഗണന നൽകും. മൂന്ന് ഫാമുകൾക്ക് ഒരു ഔട്ട് ലെറ്റ് വീതമാണ് അനുവദിക്കുക. ഇതിനുള്ള സ്ഥലങ്ങളും കണ്ടെത്തിത്തുടങ്ങി.

. ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും രണ്ടാംഘട്ടത്തിൽ വയനാട്, കാസർകോഡ് എന്നിവയൊഴികെയുള്ള മറ്റു ജില്ലകളിലുമാണ് ചിക്കൻ ഫാമുകളും ഇറച്ചിവിൽപ്പന കേന്ദ്രങ്ങളും തുടങ്ങുന്നത്. വയനാട്, കാസർകോഡ് ജില്ലകളിൽ നിലവിൽ ബ്രഹ്മഗിരി എന്ന പേരിൽ സമാന പദ്ധതി സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നുണ്ട്. 100 കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ 1200 ചതുരശ്ര അടി വിസ്തീർണമുള്ള ഫാമുകളാണ് തുടക്കത്തിൽ തയ്യാറാക്കുന്നത്. ഔട്ട് ലെറ്റുകൾ തുറക്കുന്നതിന് പ്രൊഡ്യൂസർ കമ്പനിക്ക് 50, 000 രൂപ ഡിപ്പോസിറ്റ് നൽകണം. ഫാമുകൾക്കും ഔട്ട് ലെറ്റുകൾക്കും സബ്സിഡി, കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട് എന്നീ രണ്ട് രീതിയിൽ വ്യക്തിഗത , ഗ്രൂപ്പ് വായ്പകൾ ലഭിക്കും. ഫാമുകളും ഔട്ട് ലെറ്റുകളും തുടങ്ങുന്നതിന് ഒരംഗത്തിന് ഒന്നരലക്ഷം രൂപ വരെ സാമ്പത്തിക സഹായമുണ്ട്. വായ്പകളുടെ തിരിച്ചടവിൽ നിന്ന് ലഭിക്കുന്ന തുക കുടുംബശ്രീയിൽത്തന്നെ പ്രവർത്തന ഫണ്ടായി നിലനിറുത്തും

. '' ശുദ്ധമായ കോഴിയിറച്ചി നൽകി ബ്രോയിലർ ചിക്കൻ വിപണിയിലെ 25 ശതമാനം കുടുംബശ്രീയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ അംഗങ്ങൾക്കോ അംഗങ്ങളുടെ കുടുംബത്തിനോ പദ്ധതിയുടെ ഭാഗമാകാം."

എ. മണികണ്ഠൻ,

കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ,